കല്‍പ്പറ്റ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ അഭിമുഖ്യത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹ സൃഷ്ടിക്കായ് മൂന്നാമത് സന്ദേശയാത്ര എംഎല്‍എ ടിസിദ്ദീഖ് ഫ്‌ളാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷനായിരുന്നു.ചിന്തകളില്‍ നന്മനിറയ്ക്കാം സത്യസന്ധത ശീലമാക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ പഠന യാത്ര കല്‍പ്പറ്റയില്‍ നിന്ന് ആരംഭിച്ച് ജനുവരി 3ന് പഞ്ചാബ് വാഗ ബോര്‍ഡറില്‍ അവസാനിക്കും.
41 കേഡറ്റുകളും, 2 രക്ഷിതാക്കളും, 9 അധ്യാപകരും, ഡ്രില്‍ ഇന്‍സ്‌ട്രെക്ടേഴ്‌സ് അടങ്ങുന്ന 52 അംഗസംഘത്തിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ നേതൃത്വം നല്‍കും. പ്രശസ്ത സിനിമ ആര്‍ട്ടിസ്റ്റ് അബൂസലിം ലഹരിക്കെതിരെ കയ്യൊപ്പ് ചാര്‍ത്തി. എസ്പിസി ജില്ലാ നോഡല്‍ ഓഫീസര്‍ ബാലകൃഷ്ണന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. വയനാട് ഡെപ്യൂട്ടി കമ്മീഷണര്‍ എക്‌സൈസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ഐപിഎസ് ഓഫീസര്‍ തപോഷ് ബസുമത്രി ബ്രൗഷര്‍ പ്രകാശനം ചെയ്തു. കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍ ക്യാരിബാഗ് വിതരണം ചെയ്തു. വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, അധ്യാപക അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.