മംഗല്യ സൗഭാഗ്യമൊരുക്കി ഉദയ വായനശാല
മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന 16-ാമത് ഉദയ ഫുട്‌ബോളിന്റെ ഭാഗമായി നിര്‍ധനരായ 6 പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യം ഒരുങ്ങുന്നു. അരുണ്‍ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് സമൂഹ വിവാഹം നടത്തുന്നത്, വ്യത്യസ്ത മതങ്ങളില്‍പ്പെട്ട 6 പെണ്‍കുട്ടികളുടെ വിവാഹമാണ് പൂര്‍ണ്ണ ചിലവുകള്‍ വഹിച്ച് അറയ്ക്കല്‍ ത്രേസ്യാമ്മ ഉലഹന്നാന്റ് സ്മരണാര്‍ത്ഥം മക്കളായ അരുണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയി അറയ്ക്കല്‍, ജോണി അറയ്ക്കല്‍ എന്നിവര്‍ ഉദയ ഫുട്‌ബോളിലൂടെ സാധ്യമാക്കുന്നത്. കൂടാതെ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് ഒരു ഡയാലിസിസ് മെഷീനും സൗജന്യമായി നല്‍കും. 2019 ഫെബ്രുവരി 7 ന് ആരംഭിക്കുന്ന 16-ാമത് ഉദയ ഫുട്‌ബോളിന്റെ സമാപനത്തോടനുബന്ധിച്ചാണ് സമൂഹ വിവാഹം നടത്തപ്പെടുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.