കാട്ടുപന്നി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബത്തേരി നഗരസഭ മുന്‍ ചെയര്‍മാനും നിലവില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ സി കെ സഹദേവന്‍ വീണ്ടും പൊതുവേദിയിലെത്തി. ഏഴു മാസത്തിന് ശേഷമാണ് ബീനാച്ചി ഗവ. ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ മനഷ്യ ചങ്ങല ഉദ്ഘാടനം ചെയ്യാനായി ഇദ്ദേഹം എത്തിയത്.
ലഹരി വിരുദ്ധ മനുഷ്യ ചങ്ങല പരിപാടി ഉദ്ഘാടനം ചെയ്യുകയും പരിപാടിയില്‍ പങ്കെടുക്കയും ചെയ്തു. വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മൊബ് കണ്ടും പരിചയക്കാരോട് കുശലം പറഞ്ഞും അരമണിക്കൂര്‍ ചെലവഴിച്ചാണ് ഇദ്ദേഹം മടങ്ങിയത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊതുവേദിയിലേക്കുള്ള മടങ്ങിവരവ്. ഇക്കഴിഞ്ഞ മാര്‍ മാര്‍ച്ച് 14 ന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദൊട്ടപ്പന്‍കുളത്ത് വച്ച് കാട്ടുപന്നി വാഹനത്തില്‍ ഇടിച്ച് സി കെ സഹദേവന് അപകടം സംഭവിക്കുന്നത്. തലയ്ക്ക് സാരമായി പരുക്കേറ്റ ഇദ്ദേഹത്തിന് വിദഗ്ദ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം നഗരസഭയിലും ഇദ്ദേഹം എത്തി സഹപ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം അല്‍പ്പ സമയം ചെലവഴിച്ചു.