മാനന്തവാടി നഗരത്തിലെ അനധികൃത ടാക്‌സി സര്‍വ്വീസുകള്‍ സംയുക്ത ട്രേഡ് യൂണിയന്‍ പ്രക്ഷോഭത്തിലേക്ക്
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി,എസ്.ടി.യു യൂണിയനുകളാണ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.മാനന്തവാടി നഗരത്തില്‍ അനധികൃത ടാക്‌സി സര്‍വ്വീസുകളും കള്ള ടാക്‌സികളും പെരുകി വരികയാണ്.യാതൊരു പെര്‍മിറ്റുമില്ലാതെ ഇലക്ട്രിക് ഓട്ടോകളും സര്‍വ്വീസ് നടത്തി വരികയാണ്.ടൗണില്‍ തൊഴിലെടുത്ത് ജീവിക്കുന്ന ടാക്‌സി – ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പണി ഇല്ലാതാകുന്ന അവസ്ഥയിലാണ്.
ഇലക്ട്രിക്ക് ഓട്ടോയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അനുവദിച്ച ഹാള്‍ട്ടിംഗ് നമ്പര്‍ പ്രകാരം മാത്രമെ സര്‍വ്വീസ് നടത്താന്‍ പാടുള്ളു എന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ഇലക്ട്രോണിക്ക് ഓട്ടോ ഉടമ തൊഴിലാളികളെയും അധികാരികളെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത കൊടുക്കുകയുണ്ടായി. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. നിലവിലുള്ള ഓട്ടോയും മുനിസിപ്പാലിറ്റി ഹാള്‍ട്ടിംഗ് പെര്‍മിറ്റും വില്‍പ്പന നടത്തിയ ശേഷം പുതിയ ഇലക്ട്രിക്ക് ഓട്ടോയുമായി സര്‍വ്വീസ് നടത്തുന്നത് സംയുക്ത ട്രേഡ് യൂണിയനുകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പി.യു. സന്തോഷ് കുമാര്‍, എം.പി.ശശികുമാര്‍, സന്തോഷ് ജി നായര്‍, കെ.സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.