ആശുപത്രികളെ സുരക്ഷിത മേഖലയാക്കണം – ഐ.എം.എ

0

ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചതായും ഇവര്‍ പറഞ്ഞു.ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഭേദഗതി ചെയ്യണമെന്നും സങ്കര ചികിത്സാ സമ്പ്രദായം നടപ്പാക്കാനുള്ള ദേശീയ നയം അശാസ്ത്രീയവും പൊതുജനാരോഗ്യത്തെ ബാധിക്കുന്നതുമാണെന്നും പറഞ്ഞു. ചികിത്സക്കിടയില്‍ രോഗാവസ്ഥ കാരണം മരണങ്ങളുണ്ടായാല്‍ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ ആക്രമണങ്ങള്‍ നടത്തുന്ന പ്രവണത വര്‍ധിച്ചുവരുന്നു. ഒട്ടുമിക്ക സംഭവങ്ങളിലും പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ശിക്ഷാ നടപടികള്‍ക്ക് വിധേയരാക്കുന്നതിലും പോലീസ് അധികൃതര്‍ പരാജയപ്പെടുന്നു. എംബിബിഎസ് യോഗ്യത ഇല്ലാത്തവര്‍ക്കും ആധുനിക വൈദ്യശാസ്ത്ര മേഖല കൈകാര്യം ചെയ്യാന്‍ ബ്രിഡ്ജ് കോഴ്‌സുകള്‍ വഴി അനുവാദം നല്‍കുന്ന സമ്പ്രദായം ഒഴിവാക്കണമെന്നും ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന് യോജിച്ചതല്ലെന്നും അവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി, സെക്രട്ടറി ഡോ.ജോസഫ് ബെനവന്‍, ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുള്‍ ഗഫൂര്‍ കക്കോടന്‍, കല്‍പ്പറ്റ ബ്രാഞ്ച് പ്രസിഡന്റ് ഡോ.രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!