പുഴയോരത്ത് മാലിന്യനിക്ഷേപം ടാങ്കര്‍ ലോറി കസ്റ്റഡിയില്‍
ചങ്ങാടക്കടവ് പുഴയോരത്ത് മാലിന്യം നിക്ഷേപിച്ച ടാങ്കര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേര്‍ക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തു.വ്യാഴാഴ്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം.രാത്രിയുടെ മറവില്‍ മാനന്തവാടി ചങ്ങാടക്കടവ് പുഴയരികില്‍ മാലിന്യം തള്ളിയ സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മഞ്ചേരി സ്വദേശി ചേന്നുകുഴിയില്‍ സെയ്ഫ ദീന്‍ (33) മണ്ണാര്‍ക്കാട് മുളയന്‍കായില്‍ സൈനുല്‍ ആബിദ് (32) എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.മാനന്തവാടി എസ്.ഐ. ബിജു ആന്റണി, എ.എസ്.ഐ സൈനുദീന്‍, സിവില്‍ പോലീസ് ഓഫീസര്‍ വി.കെ.രംജിത്ത് തുടങ്ങിയവരാണ് ടാങ്കര്‍ ലോറി കസ്റ്റഡിയില്‍ എടുത്തത്.