കഴിഞ്ഞ രാത്രിയില്‍ പടിപ്പുര ഭാഗത്ത് ഇറങ്ങിയ കാട്ടാനകള്‍ വ്യാപക കൃഷി നാശം വരുത്തി. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തെന്നും മുന്നറിയിപ്പ്.ബത്തേരി നഗരസഭയിലെ ചെതലയം പടിപ്പുര ഭാഗത്താണ് കാട്ടാനശല്യം വീണ്ടും രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം കാടിറങ്ങിയെത്തിയ കാട്ടാനകള്‍ വ്യാപക കൃഷിനാശമാണ് പ്രദേശത്ത് വരുത്തിയിരിക്കുന്നത്. പ്രദേശത്തെ കര്‍ഷകരായ പടിപ്പുര രവിന്ദ്രന്‍, മാളു ചെട്ടിച്യാര്‍, നാരായണന്‍ തെക്കേടത്ത്, ഷാജന്‍, മനോജ്, വിശ്വനാഥന്‍ എന്നിവരുടെ തെങ്ങ്, വാഴ, കവുങ്ങ്, കുരുമുളക് തുടങ്ങിയ വിളകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്.
രവിന്ദ്രന്റെ കൃഷിയിടത്തിലെ തെങ്ങ് സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിച്ചിട്ടു. മനോജിന്റെയും, ഷാജന്റയും വിശ്വനാഥന്റെയും കൃഷിയിടത്തിലെ കുലച്ചതും കുലക്കാറായതുമായ നേന്ത്ര വാഴകളും കാട്ടാനകള്‍ നശിപ്പിച്ചു. വിളകള്‍ നശിപ്പിച്ചതോടെ കര്‍ഷകര്‍ക്ക് വന്‍സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കൃഷി നാശത്തിന് മതിയായ നഷ്ടപരിഹാരവും കൃത്യസമയത്ത് ലഭിക്കാത്തതും കര്‍ഷകര്‍ക്ക് ഇരുട്ടടിയാവുകയാണ്. വനാതിര്‍ത്തിയിലെ കിടങ്ങും വേലിയും തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത്. ചെതലയം പ്രദേശത്തെ വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സംഘടന ഭാരവാഹി കുടിയായ രവിന്ദ്രന്‍ പടിപ്പുര പറഞ്ഞു.