കേണിച്ചിറ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

0

കല്‍പ്പറ്റ കോടതിയിലെ അഡീഷണല്‍ ഗവ.പ്ലീഡറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ അഡ്വ.ടോമിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടിലെ സ്വീകരണമുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ കേണിച്ചിറ എസ്.ഐ യുടെ നേതൃത്വത്തില്‍ മാനുഷിക പരിഗണന പോലും നല്‍കാതെ പോലീസ് ഇടപെട്ടെന്ന് ആരോപിച്ചാണ് ആക്ഷന്‍ കമ്മറ്റി കേണിച്ചിറ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സ്റ്റേഷന് സമീപം നൂറ് മീറ്റര്‍ മാറി റോഡില്‍ വടം കെട്ടി പോലീസ് തടഞ്ഞു. ടോമിക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പ്പള്ളി ശാഖയില്‍ ഭവന വായ്പ കുടിശിഖയായി 16 ലക്ഷം രൂപയാണുണ്ടായിരുന്നത്. ബാധ്യത തീര്‍ത്തില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് അധികൃതര്‍ നേരത്തെ വിവരമറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൈവശമുള്ള 3 ലക്ഷം രൂപ അടയ്ക്കാമെന്നും വീടും സ്ഥലവും വിറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബാധ്യത തീര്‍ക്കാമെന്നും ബാങ്കിനെ അറിയിച്ചിട്ടും ടോമിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ മുഴുവന്‍ തുകയും ഉടന്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുകയാണുണ്ടായതെന്നാണ് ആക്ഷന്‍ കമ്മറ്റി പറയുന്നത്.. ബാങ്കിന്റെ ഈ പിടിവാശിയും, ബാങ്ക് ഉദ്യോഗസ്ഥരോടൊപ്പം എത്തിയ കേണിച്ചിറ എസ്.ഐ യുടെ നിരുത്തരവാദപരമായ ഇടപെടലുമാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആക്ഷന്‍ കമ്മറ്റി ആരോപിക്കുന്നത്.. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചെതെങ്കിലും കോണ്‍ഗ്രസും ബി.ജെ പിയും മാര്‍ച്ചില്‍ നിന്നും വിട്ടുനിന്നു. സി.പി.എം ജില്ലാ കമ്മറ്റി അംഗം ടി.ബി സുരേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സി.പി ഐ ജില്ലാ കമ്മറ്റി അംഗം എസ്.ജി സുകുമാരന്‍ അദ്ധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!