അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്റെ കുടുംബത്തിന് ടൈലറിംഗ് യൂണിറ്റ്
അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്റെ കുടുംബത്തിന് കൈത്താങ്ങായി കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി നല്‍കുന്ന ടൈലറിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലുവര്‍ഷം മുമ്പ് അന്തരിച്ച പനമരം പ്രസ്‌ഫോറം മുന്‍സെക്രട്ടറിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായിരുന്ന കൈതക്കല്‍ കൂടകടവത്ത് കെ.കെ.അബ്ദുള്ളയുടെ കുടുംബത്തിനാണ് പത്രപ്രവര്‍ത്തക അസോസിയേഷന്‍ തൊഴില്‍ സംരംഭം ഒരുക്കുന്നതിന്റെ ഭാഗമായി ടൈലറിംഗ് യൂണിറ്റ് സജ്ജമാക്കി നല്‍കുന്നത്.
മാധ്യമ പ്രവര്‍ത്തകനായിരുന്ന അബ്ദുള്ളയുടെ ആകസ്മിക വിയോഗം മൂലം പ്രയാസത്തിലായ കുടുംബത്തിനുള്ള കൈതാങ്ങ് എന്ന നിലയിലാണ് ടൈലറിംഗ് യൂണിറ്റ് ഒരുക്കുന്നത്. പനമരം കൈതക്കലിലുള്ള അദ്ദേഹത്തിന്റെ വീട്ടീല്‍ വെച്ചാണ് കൈമാറ്റ ചടങ്ങ്. തുടര്‍ന്ന് നടക്കുന്ന പരിപാടിയില്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കുള്ള ഐഡിന്റിറ്റി കാര്‍ഡ് വിതരണോദ്ഘാടനവും, ജില്ലാതലത്തില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ വിവിധ സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ്, വൈസ് പ്രസിഡന്റ് റസാഖ് സി. പച്ചിലക്കാട്, ട്രഷറര്‍ കെ.വി സാദിഖ്, സംസ്ഥാന കമ്മിറ്റിയംഗം ജസ്റ്റിന്‍ ചെഞ്ചട്ടയില്‍ എന്നിവര്‍ സംസാരിച്ചു.