കിസാന്‍ ജനത പട്ടിണി സമരം നടത്തി

0

കല്‍പ്പറ്റ: സര്‍ഫാസി നിയമം ഉപയോഗിച്ച് കര്‍ഷകരുടെ കിടപ്പാടം പിടിച്ചെടുക്കുന്ന ബാങ്കുകളുടെ നടപടിക്കെതിരെ കിസാന്‍ ജനത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ലീഡ് ബാങ്ക് ഓഫീസിന് മുമ്പില്‍ കര്‍ഷകരുടെ പട്ടിണി സമരം നടത്തി. പ്രളയത്തില്‍ വന്‍ കൃഷി നാശമുണ്ടായ സാഹചര്യത്തില്‍ കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷത്തേയും വിദ്യാഭ്യാസ വായ്പകള്‍ക്ക് 6 മാസത്തേയും മൊറോട്ടോറിയം നിലവിലുണ്ട്. വയനാട്ടില്‍ കഴിഞ്ഞ മാസങ്ങളില്‍ ഏഴ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. കര്‍ഷകരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് വയനാട്ടിലെ കര്‍ഷകര്‍ക്കുനേരെ സര്‍ഫാസി നിയമം ബാങ്കുകള്‍ ഉപയോഗിക്കാത്തത് ഗവണ്‍മെന്റും കൃഷി മന്ത്രിയും നല്‍കിയ ഉറപ്പ് അവഗണിച്ചു കൊണ്ടാണ് വയനാട് ജില്ലാ ബാങ്ക് അതിന്റെ 35 ശാഖകള്‍ വഴി ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് സര്‍ഫാസി നിയമപ്രകാരം നോട്ടീസ് നല്‍കിയിട്ടുള്ളത്. ജില്ലാ ബാങ്കും, അര്‍ബന്‍ ബാങ്കും നല്‍കിയിട്ടുള്ള കൃഷിവായ്പകള്‍ കാര്‍ഷികേതരവായ്പയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്ന് തവണകള്‍ തെറ്റിയിട്ടുള്ള വായ്പകള്‍ 60 ദിവസത്തെ നോട്ടീസ് നല്‍കി ബാങ്കുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയും.ബാങ്കുകള്‍ നിശ്ചയിച്ച വിലയുടെ 50% കെട്ടിവെച്ചാല്‍ മാത്രമെ ഡി.ആര്‍.ടി-യിലും ഹൈക്കോടതിയിലും കേസ് നല്‍കാന്‍ കര്‍ഷകര്‍ക്കു കഴിയുകയുള്ളു. ഈ സാഹചര്യത്തിലാണ് ജപ്തി നടപടിയാല്‍ നേരിടുന്ന കര്‍ഷകര്‍ ആത്മഹത്യയിലേക്ക് തിരിയുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നാണ് മറ്റൊരാവശ്യം.എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് വി.പി.വര്‍ക്കി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.കെ രവി അധ്യക്ഷത വഹിച്ചു. കിസാന്‍ ജനതവൈസ് പ്രസിഡണ്ട് എന്‍.ഒ ദേവസ്യ, ജോസ് പനമട, എം.സി രവീന്ദ്രകുമാര്‍, പി.എം ഷബീറലി, ഡോ.എ ഗോകുല്‍ദേവ്, എം.കെ ബാലന്‍, ഇ.ഡി സദാനന്ദന്‍, സി.എന്‍.രാജന്‍,സി.കെ.കുമാര്‍,സി.ഒ.വര്‍ഗ്ഗീസ്, സി.പി.റഹീസ്, സി.എം ജോണ്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!