ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ അഭയം തേടി ഗര്‍ഭിണിയായ ആദിവാസി യുവതിയും കുടുംബവും

0

അന്തിയുറങ്ങാന്‍ കൂരയില്ലാതെ ഗര്‍ഭിണിയായ ആദിവാസി യുവതിയും കുടംബവും ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ അഭയം തേടിയിട്ടും ട്രൈബല്‍ വകുപ്പ് തിരിഞ്ഞു നോക്കിയില്ല.തരുവണ മഴുവന്നൂര്‍ കോളനിയിലെ വിഷ്ണുവിനും കുടുംബത്തിനുമാണ് ദുരനുഭവം. ഒടുവില്‍ വെള്ളമുണ്ട പോലീസാണ് രാത്രിയില്‍ കുടുംബത്തിന് താല്‍ക്കാലിക താമസ സൗകര്യമൊരുക്കിയത്.

സ്വന്തമായൊരു കൂരക്കായുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി ആദിവാസി യുവാവ് തെരുവിലിറങ്ങിയത്. വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ മഴുവന്നൂര്‍ ഇല്ലത്ത് കോളനിയിലെ വിഷ്ണുവാണ് ഭാര്യ ലക്ഷ്മി, അഞ്ച് വയസ്സിന് താഴെ മാത്രം പ്രായമുള്ള മക്കളായ ശിവനന്ദു, വിവേക് എന്നിവരുമായി ബസ് കാത്തിരിപ്പു കേന്ദ്രത്തിലഭയം കണ്ടെത്തിയത്. കടത്തിണ്ണയില്‍ താമസിക്കാനുള്ള തീരുമാനവുമായി ഇവര്‍ ശനിയാഴ്ച രാവിലെ തരുവണ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുകയായിരുന്നു. കുട്ടികളുമായി അലഞ്ഞു തിരിയുന്നത് കണ്ട സ്ഥലത്തെ കച്ചവടക്കാര്‍ വിവരം തിരക്കിയപ്പോഴാണ് യുവാവ് തങ്ങളുടെ ദൈന്യത വിവരിച്ചത്. സ്വന്തമായി റേഷന്‍ കാര്‍ഡു പോലും ഈ കുടുംബത്തിന് ഇത് വരെയും ലഭിച്ചിട്ടില്ല. കോളനിയിലെ എട്ടോളം കുടുംബങ്ങള്‍ താമസിക്കുന്ന ബന്ധു വീട്ടിലായിരുന്നു ഇവരും കഴിഞ്ഞിരുന്നത്. വീട്ടിലെ അസൗകര്യം കാരണം കുടുംബത്തോട് വീട്ടുടമ മാറി താമസിക്കാനാവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പറക്കമുറ്റാത്ത കുട്ടികളെയും എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെയും കൂട്ടി ഇവര്‍ തെരുവിലേക്കിറങ്ങിയത്. ട്രൈബല്‍ വകുപ്പധികൃതരെ നാട്ടുകാര്‍ വിവരമറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ല. തുടര്‍ന്ന് വെളളമുണ്ട പോലീസ് സ്ഥലത്തെത്തി ഇവരെ താല്‍ക്കാലികമായി കോളനിയില്‍ തന്നെ എത്തിച്ച് താമസിപ്പിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!