ഒമിക്രോണ്‍ ഭീഷണി; അധികഡോസ് വാക്‌സീന്‍ തീരുമാനം ലോകാരോഗ്യ സംഘടന നിര്‍ദ്ദേശമനുസരിച്ച്

0

ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അധികഡോസ് വാക്‌സീന്‍ നല്‍കുന്നതിലെ തീരുമാനം ലോകാരോഗ്യ സംഘടന നിര്‍ദ്ദേശമനുസരിച്ച് തീരുമാനിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം പരിശോധിക്കാന്‍ ലോകാരോഗ്യ സംഘടന ശാസ്ത്ര ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവില്‍ രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് പ്രതിരോധശേഷി കുറയുന്നതായി റിപ്പോര്‍ട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കുട്ടികളുടെ വാക്‌സിനേഷനിലെ മാര്‍ഗനിര്‍ദ്ദേശം വൈകാതെ പുറത്തിറക്കിയേക്കും.

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്ന അവസ്ഥയാണ്. മഹാരാഷ്ട്ര, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസെന്ന ആവശ്യം കര്‍ണാടകയും മഹാരാഷ്ട്രയും അടക്കം കൂടുതല്‍ സംസ്ഥാനങ്ങള്‍ ശക്തമാക്കി.

ഒമിക്രോണ്‍ വ്യാപനം തീവ്രമായാല്‍ ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത് പകുതിയിലധികം പേരും വാക്‌സിന്‍ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയില്‍ മാത്രം 10 പേരാണ് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലുള്ളത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 36 കാരനും അദ്ദേഹത്തിന്റെ സുഹൃത്ത് അമേരിക്കയില്‍ നിന്നെത്തിയ 37 കാരനുമാണ് ഏറ്റവുമൊടുവിലായി ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ പേരില്‍ രോഗം കണ്ടെത്തുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര പരിശോധന വര്‍ധിപ്പിച്ചതിനൊപ്പം ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്കും കുറച്ചു .ലാബുകളില്‍ ടെസ്റ്റ് നിരക്ക് 500 ല്‍ നിന്ന് 350 രൂപയാക്കി. വീടുകളില്‍ വന്ന് സാമ്പിള്‍ ശേഖരിക്കുന്നതിന് ഇനി 700 രൂപ മതിയാകും. വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്കും കുറച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
12:10