ലോക പ്രമേഹ ദിനത്തില്‍ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യവുമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഓപ്പണ്‍ ജിം തുറന്നു.ലോക പ്രമേഹദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാര്‍ ജിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി. നായര്‍ അധ്യക്ഷനായിരുന്നു. ഓട്ടോമാറ്റിക് ബ്ലഡ് പ്രഷര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി. കെ. രമേശ് നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയ സേനന്‍ മുഖ്യ പ്രഭാഷണം നടത്തി.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സേതുലക്ഷ്മി ദിനാചരണ സന്ദേശം നല്‍കി. ആശാ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനം നടത്തി. ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്പിളി സുധി, ചെതലയം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷജിന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആബ് ട്രെയിനര്‍, റോവര്‍, ഷോള്‍ഡര്‍ പ്രസ്, സൈക്കിള്‍, സ്റ്റെപ്പ് ട്രെയിനര്‍, ഷോള്‍ഡര്‍ വീല്‍, ലെഗ് പ്രസ് കം സ്റ്റാന്റിങ് ട്വിസ്റ്റര്‍, ഔട്ട്‌ഡോര്‍ ഫിറ്റ്‌നസ് ഹിപ് സ്‌ക്വാട്ട്, ചെസ്റ്റ് പ്രസ് തുടങ്ങിയവയാണ് ഓപ്പണ്‍ ജിംനേഷ്യത്തില്‍ സജ്ജീകരിച്ചത്. ജീവനക്കാര്‍ക്ക് ജോലി ഇടവേളകളില്‍ ജിം ഉപയോഗിക്കാം. പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമയം ക്രമീകരണം നടത്തി ജിം ഉപയോഗി ക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ മൂന്നാമത്തെ ഓപ്പണ്‍ ജിംമാണ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സജ്ജമായിട്ടുള്ളത്.