സ്‌കൂള്‍ തലത്തില്‍ പ്രത്യേകം യോഗം ചേരും

0

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്;
പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി

പ്രളയത്തിനു ശേഷം ജില്ലയിലെ സ്‌കൂളുകളില്‍ നിന്നു വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി. നവംബര്‍ പന്ത്രണ്ടിനകം കൊഴിഞ്ഞുപോയവരെ സ്‌കൂളില്‍ തിരിച്ചെത്തിക്കുകയും 14ന് ഡ്രോപ്ഔട്ട് ഫ്രീ വിദ്യാലയമായി ജില്ലയെ പ്രഖ്യാപിക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമയുടെ അദ്ധ്യക്ഷതയില്‍ ആസൂത്രണഭവന്‍ എ.പി.ജെ. ഹാളില്‍ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.
വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി നവംബര്‍ മൂന്ന്, അഞ്ച് തിയ്യതികളില്‍ ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും പ്രധാനാദ്ധ്യാപകരുടെയും ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍മാരുടെയും നേതൃത്വത്തില്‍ ഉച്ചകഴിഞ്ഞ് 3.30ന് യോഗം ചേരും. വൈത്തിരി, മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലകളില്‍ മൂന്നിനും സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചിനുമാണ് യോഗം. പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, സ്്റ്റുഡന്റ് കൗണ്‍സിലര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, ജനമൈത്രി പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍, ആരോഗ്യവിഭാഗം, സ്റ്റുഡന്റ് പൊലീസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. പദ്ധതി നടത്തിപ്പിനായി സ്‌കൂള്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് ഗ്രൂപ്പും രൂപീകരിക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ എത്ര കുട്ടികള്‍ കൊഴിഞ്ഞുപോയി, എത്രപേര്‍ സ്ഥിരമായി വരാതിരിക്കുന്നു എന്നിങ്ങനെയുള്ള കണക്ക് പ്രധാനാദ്ധ്യാപകന്‍ യോഗത്തെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തിരിച്ചെത്തിക്കാന്‍ ജനകീയ കര്‍മപദ്ധതി രൂപീകരിക്കും. ഓരോ വിദ്യാലയങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള കര്‍മ പദ്ധതികളാണ് തയ്യാറാക്കുക. തിരിച്ചെത്തുന്ന ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ഇന്‍ഡക്ഷന്‍ ട്രെയിനിംഗ് നല്‍കിയായിരിക്കും ക്ലാസികളില്‍ പ്രവേശിപ്പിക്കുക. കൊഴിഞ്ഞുപോയ കുട്ടികളില്‍ സംസ്ഥാനം വിട്ടുപോയവര്‍, ജില്ലയില്‍ നിന്നു പോയവര്‍, വിവാഹിതരായവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ച് വിശദാംശങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.

യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം എ.ദേവകി, സമഗ്ര ശിക്ഷാ കേരള കണ്‍സല്‍ട്ടന്റ് ഡോ.ടി.പി കലാധരന്‍,സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ സുരേഷ്, മുന്‍ ഡി.ഇ.ഒ കൃഷ്ണദാസ്,ഡയററ് പ്രിന്‍സിപാള്‍ ഇ.ജെ ലീന,കൈറ്റ് കോര്‍ഡിനേറ്റര്‍ വി.ജെ തോമസ്,എസ്.എസ്.കെ പ്രോഗാം ഓഫീസര്‍ ഒ.പ്രമോദ്,വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പ്രഭാകരന്‍, ഡി.ഇ.ഒ ഹണി. ജി. അലക്‌സാണ്ടര്‍, ജനപ്രതിനിധികള്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പ്രധാനാദ്ധ്യാപകര്‍, പി.ടി.എ. ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!