സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് വ്യാപാര സ്ഥാപനങ്ങള്‍ കുത്തിതുറന്ന് മോഷണം നടത്തുന്ന രണ്ടു പേര്‍ മുക്കം പോലീസിന്റെ പിടിയിലായി. വയനാട് കല്‍പ്പറ്റ ഓണിവയല്‍ സ്വദേശിയും ലോറി ഡ്രൈവറുമായ വാക്കയില്‍ ഷാക്കിബ് ഹുസൈന്‍ (23), കൊടുവള്ളി കളരാന്തിരി സ്വദേശി സക്കരിയ (34) എന്നിവരെയാണ് രാത്രി പട്രോളിംഗ് ഡ്യൂട്ടി നടത്തുന്നതിനിടെ മുക്കം ബസ്റ്റാന്റിനു സമീപത്തുള്ള അത്താണി ഷോപ്പിംഗ് കോപ്ലക്‌സിനടുത്തു നിന്ന് പിടികൂടിയത്. പോലീസ് വാഹനം കണ്ട് ഇരുട്ടത്തു മറഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പ്രതികളെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുകയും ദേഹപരിശോധന നടത്തുന്നതിനിടെ സക്കരിയയുടെ ഷര്‍ട്ടിന്റെ പുറകില്‍ ഷട്ടറിന്റെ പൂട്ട് പൊളിക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ലിവറും ഷാക്കിബിന്റെ അരയില്‍ രണ്ട് ആക്‌സം ബ്‌ളയ്ഡും കണ്ടെത്തുകയുണ്ടായി. തുടര്‍ന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് വിവിധ ജില്ലകളില്‍ മോഷണം നടത്തിയതിന്റെ ചുരുളഴിയുകയായിരുന്നു. പോലീസ് സംഘത്തിനു മുന്നില്‍ കുറ്റസമ്മതം നടത്തിയ പ്രതികള്‍ മുക്കം അഗസ്ത്യന്‍മുഴിയില്‍ ജൂണ്‍ മാസം 25 ന് രാത്രി നാല് കടകളില്‍ മോഷണം നടത്തിയത് തങ്ങളാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതില്‍ സക്കരിയയുടെ രൂപം അന്നേ ദിവസം രാത്രി മോഷണം നടത്തിയ മൊബൈല്‍ ഷോപ്പിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുള്ളതുമാണ്. മൊബൈല്‍ ഷോപ്പില്‍ നിന്നും കളവ് ചെയ്ത വിവോ കമ്പനിയുടെ മൊബൈല്‍ ഫോണ്‍ കല്‍പ്പറ്റയിലുളള ഒരു മൊബൈല്‍ കടയില്‍ വില്‍പ്പന നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ കോഴിക്കോട് രാമാനാട്ടുകരയിലെ കാലിക്കറ്റ് മാള്‍, പരപ്പനങ്ങാടി അത്താണിക്കലിലെ റഹ്മത്ത് ട്രേഡേഴ്‌സ്, താമരശ്ശേരി ചുങ്കത്തിനടുത്തുള്ള പലചരക്ക് കട, ടൗണിനടുത്തുള്ള ടൂള്‍സ് ഷോപ്പ്, പുതിയ സ്റ്റാന്റിനു സമീപമുള്ള സി.ഡി ഷോപ്പ്, പുതുപ്പാടി എം.ആര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കൊടുവള്ളിയിലുള്ള വൈറ്റ് മഹല്‍, കുന്ദമംഗലത്തുള്ള ഹാര്‍ഡ് വെയര്‍ ഷോപ്പ്, തിരുവണ്ണൂരിലുള്ള ഹാര്‍ഡ് വെയര്‍ ഷോപ്പ്, ഫറോക്കിലുള്ള ടൈല്‍സ് ഷോപ്പ്, മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലുള്ള സൂപ്പര്‍മാര്‍ക്കറ്റ്; ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്, കുണ്ടോട്ടി മൊറയൂരിലുള്ള ഇലക്ട്രോണിക് ഷോപ്പ്, അലുമിനിയം പാത്രക്കട, മലപ്പുറം കോട്ടക്കലിലുള്ള നാലോളം കടകള്‍, നിലമ്പൂരിലുള്ള സ്റ്റേഷനറികട, വയനാട് മീനങ്ങാടിയിലുള്ള മൊബൈല്‍ ഷോപ്പ്, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, സുല്‍ത്താന്‍ ബത്തേരിയിലെ വെളിച്ചെണ്ണ കട, കേണിച്ചിറയിലെ വിവിധ കടകള്‍, തൃശ്ശൂര്‍ തിരുവില്ലാമലയിലെ കോഴിക്കട തുടങ്ങി അമ്പതോളം വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. പ്രതികള്‍ രണ്ടു പേരും മുന്‍പ് എറണാകുളം ജില്ലയിലടക്കം മോഷണം നടത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. പ്രതികളിലൊരാളായ സക്കരിയക്ക് മംഗലാപുരത്ത് കളവുകേസ് ഉള്ളതായി അറിവായിട്ടുണ്ട്.
മുക്കം എസ്.ഐ കെ.പി അഭിലാഷ്, അഡീഷണല്‍ എസ്.ഐ ഹമീദ്. ഇ.ടി, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഷെഫീഖ് നീലിയാനിക്കല്‍, മുക്കം സ്റ്റേഷനിലെ എസ്.സി.പി.ഒ സലിം മുട്ടത്ത്, ശ്രീജേഷ് വി.എസ്, കാസിം മേപ്പള്ളി, ശ്രീകാന്ത് കെട്ടാങ്ങല്‍, എ.എസ്.ഐ അഷ്‌റഫ് എം.ടി, അഭിലാഷ് കോടഞ്ചേരി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post