സര്‍വീസ് സഹകരണ ബാങ്ക്  ശതാബ്ദി ആഘോഷത്തിലേക്ക്

0

സംസ്ഥാനത്തെ ആദ്യത്തെ സഹകരണ ബാങ്കുകളില്‍ ഒന്നായ കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിലേക്ക്. ആഗസ്റ്റ് 17-ന് വൈകുന്നേരം 4 മണിക്ക് സഹകരണ വകുപ്പു മന്ത്രി വി എന്‍ വാസവന്‍ ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ടി. സുരേഷ് ചന്ദ്രന്‍, ഇ.കെ. ബിജുജന്‍, എം.പി. സജോണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

1921ല്‍ ഐക്യ നാണയ സംഘമായി ആരംഭിച്ചതാണ് ഈ കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിന് നിലവില്‍ കല്‍പ്പറ്റ നഗരസഭയില്‍ നാല് ബ്രാഞ്ചുകളും നാല്‍പ്പതിലധികം ജീവനക്കാരും മുപ്പതിനായിരത്തിലധികം അംഗങ്ങളുമുണ്ട്. കാര്‍ഷിക മേഖലയില്‍ സര്‍വതോന്മുഖമായ വികസനത്തിന് നിരവധി സ്‌കീമുകള്‍ ബാങ്ക് നടപ്പിലാക്കുന്നു. ഡിസംബര്‍ 31 വരെ നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്കായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ വ്യത്യസ്ത മേഖലകളിലുള്ളവരുടെ സംഗമങ്ങള്‍, ആദരിക്കലുകള്‍, മത്സരങ്ങള്‍ എന്നിവയെല്ലാം സംഘടിപ്പിക്കും. നഗരസഭയിലെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും എല്ലാ വിഭാഗം ആളുകള്‍ക്കും ആശ്രയിക്കാവുന്ന ഒന്നായി ബാങ്കിനെ മാറ്റിയെടുക്കും. ശതാബ്ദി ആഘോഷങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി എം പി, എം വി ശ്രേയാംസ് കുമാര്‍ എം പി, സിദ്ദിഖ് എം എല്‍ എ, പി ഗഗാറിന്‍, സി കെ ശശീന്ദ്രന്‍, ടി സുരേഷ് ചന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളായാണ് സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ഭവനരഹിതര്‍ക്ക് വീടുനല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കിട്ടുണ്ടെന്നും, ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തനമാരംഭിച്ച് മികച്ച വിജയം നേടിയ ഒട്ടനവധി സംരംഭകരുണ്ടെന്നും ഇവര്‍ പറഞ്ഞു. ബാങ്കിന്റെ ഇടപാടുകാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഓന്‍ലൈനില്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!