ഓണച്ചന്ത ജില്ലാതല ഉദ്ഘാടനം 17ന്
ഓണക്കാലത്ത് പച്ചക്കറി വിപണി വില പിടിച്ച് നിര്‍ത്തുന്നതിനായി കൃഷി വകുപ്പ് നടത്തുന്ന ഓണച്ചന്തകളുടെ ജില്ലാതല ഉദ്ഘാടനം ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിക്കും. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിക്കുന്ന ഓണച്ചന്തയില്‍ രാവിലെ 11.30നാണ് ഉദ്ഘാടനം. ഓഗസ്റ്റ് 17 മുതല്‍ 20 വരെയാണ് ഓണച്ചന്ത നടത്തുന്നത്. വിപണി സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക തുക നല്‍കി കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികള്‍ 30 ശതമാനം വിലക്കുറവിലാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി നടത്തുന്ന ഓണച്ചന്തയില്‍ വിപണനം നടത്തുക. ജൈവ രീതിയില്‍ ഉത്പാദിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് 20 ശതമാനം അധിക വില നല്‍കിയാണ് സംഭരിക്കുന്നത്. ജില്ലയില്‍ ലഭ്യമല്ലാത്ത ശീതകാല പച്ചക്കറികള്‍, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവ ഹോര്‍ട്ടികോര്‍പ്പ് മുഖാന്തിരം വാങ്ങി വില്‍പ്പനയ്ക്ക് എത്തിക്കും. ംംം.സലൃമഹമ.ടവീുുശിഴ എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്ത കര്‍ഷകര്‍ക്ക് 18, 19 തീയ്യതികളില്‍ ചന്തയില്‍ നിന്ന് സാധനങ്ങള്‍ കൈപ്പറ്റാവുന്നതാണ്.
അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട്, എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുകളില്‍ അറ്റന്‍ഡര്‍ (ഫോട്ടോഗ്രാഫി) തസ്തികയിലുള്ള ഒഴിവുകളിലേക്ക് യോഗ്യരായ വിമുക്തഭടന്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മലയാളം/കന്നഡ/തമിഴ് ഭാഷകളില്‍ എഴുതാനും വായിക്കാനുമുള്ള നൈപുണ്യവും പ്രിന്റിംഗ്, ഡെവലപ്പിംഗ്, വാഷിംഗ്, ഗ്ലൈസിംഗ്, മിക്സിംഗ് കെമിക്കല്‍ എന്നിവയിലുള്ള അറിവുമാണ് യോഗ്യത. അപേക്ഷയുടെ മാതൃക ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 04936 202668.
വെറ്ററിനറി യൂണിവേഴ്സിറ്റി അഡ്മിഷന്‍
കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ മാസ്റ്റര്‍ ഓഫ് സയന്‍സ്, ബി.എസ്.സി. (പി.പി.&ബി.എം), ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. https://application.kvasu.ac.in/ എന്ന വെബ്സെറ്റ് മുഖേന ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. എസ്.സി./എസ്.ടി. വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയും മറ്റുള്ളവര്‍ക്ക് 1000 രൂപയുമാണ് അപേക്ഷാഫീസ്. യോഗ്യത, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ സര്‍വകലാശാലയുടെ വെബ്സൈറ്റിലെ പ്രോസ്പെക്ടസില്‍ ലഭിക്കും.
ബസുകളില്‍ ഉദ്യോഗസ്ഥരെ കയറ്റാന്‍ അനുമതി
പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യാ എട്ടില്‍ കൂടുതല്‍ ഉളള തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ അവശ്യ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്ന പക്ഷം ബസ് സ്റ്റോപ്പുകളില്‍ നിന്നും ഇറക്കുന്നതിനും കയറ്റുന്നതിനും കെഎസ്.ആര്‍.ടിസി, സ്വകാര്യ ബസുകള്‍ക്ക് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലൂടെ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പ്രസ്തുത സ്ഥലങ്ങളില്‍ നിന്നും ആളുകളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ അനുവാദമില്ലാത്തതിനാല്‍ അവശ്യ സേവന വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാര്‍ക്കും കോവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെടുന്ന മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ക്കും ജോലിയ്ക്ക് എത്തുന്നതിന് പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇളവ് നല്‍കിയത്.
ഗോത്രാരോഗ്യ വാരാചരണം നടത്തി
ആദിവാസി പൈതൃക സംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ഗോത്രാരോഗ്യ വാരാചരണം നടത്തി. സംസ്ഥാന സര്‍ക്കാര്‍ ആഗസ്റ്റ് 9 മുതല്‍ 15 വരെ ഗോത്രാരോഗ്യ വാരമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലയിലെ മക്കിമല മേലെ തലപ്പുഴ കുറിച്യ കോളനിയില്‍ ഗോത്രാരോഗ്യ വാരാചരണം സംഘടിപ്പിച്ചത്.
പരിപാടിയില്‍ പരമ്പരാഗത പച്ചമരുന്ന് ചികിത്സകന്‍ അച്ചപ്പന്‍ വൈദ്യരെ ആദരിക്കുകയും, 2020 – 21 അദ്ധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്തു. വയനാട് മെഡിക്കല്‍ കോളേജിലെ ഡോ. അനിലയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും, മാനന്തവാടി ജനമൈത്രി എക്‌സൈസ് സി. ഐ വിനീത് രവിയുടെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.എം. അഖില്‍, എം.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ ലഹരി വിമുക്ത തലമുറ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസുകളും കോളനി നിവാസികള്‍ക്കായി നടത്തി. ആര്‍.ജി.സി.ബി.യിലെ പ്രൊജക്റ്റ് അസോസിയേറ്റ് എസ്.രോഷ്‌നി ആദിവാസി പൈതൃകം, ജില്ലയില്‍ ആര്‍.ജി.സി.ബി നടത്തുന്ന ആദിവാസി പൈതൃക പഠനം എന്നിവയെ കുറിച്ച് ക്ലാസ്സ് നല്‍കി.
വാര്‍ഡ് മെമ്പര്‍ ജോസഫ് പാറയ്ക്കല്‍ വാരാചരണം ഉദ്ഘാടനം ചെയ്തു. പ്രോജക്ട് അസോസിയേറ്റ് എബിന്‍ എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്യാം ശങ്കരന്‍, അരുണ്‍ രാജഗോപാല്‍, എസ്. ടി പ്രമോട്ടര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.