കോഴ വിവാദത്തില്‍ ജെആര്‍പി നേതാവ് പ്രസീത അഴീക്കോടിനെ ബത്തേരിയിലെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. തെരഞ്ഞെടുപ്പ് സമയത്ത് സി കെ ജാനുവും പ്രസീത അഴീക്കോടും താമസിച്ച ബത്തേരിയിലെ മണിമല ഹോംസ്റ്റേയിലായിരുന്നു തെളിവെടുപ്പ് ്. ഇവിടെവെച്ചാണ് ബിജെപി ജില്ലാജനറല്‍ സെക്രട്ടറി സി കെ ജാനുവിന് 25 ലക്ഷം രൂപ കൈമാറിയതെന്ന പ്രസിത അഴീക്കോടിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.
ഇന്ന് രാവിലെ 11.30യോടെയാണ് ബത്തേരി കാരക്കണ്ടിയിലെ മണിമല ഹോംസ്റ്റേയിലെത്തിയത്. തുടര്‍ന്ന് 12 മണിയോടെ പ്രസീത അഴീക്കോടും തെളിവെടുപ്പിനായി എത്തി. ഇവര്‍ക്കൊപ്പം ജെആര്‍പി സംസ്ഥാന കോര്‍ഡിനേറ്റര്‍ ബിജു അയ്യപ്പനും ഒപ്പമുണ്ടായിരുന്നു. കേസ് അന്വേഷണ ചുമതലയുള്ള വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ മനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രസീതയുമായി തെളിവെടുപ്പ് നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മാര്‍ച്ച് 26ന് രാവിലെ ബിജെപി വയനാട് ജില്ലാജനറല്‍ സെക്രട്ടറി പ്രശാന്ത്മലവയല്‍ തുണിസഞ്ചിയില്‍ പൂജാസാദനങ്ങള്‍ എന്നുപറഞ്ഞ് 25 ലക്ഷം രൂപ കൊണ്ടുവന്ന് കൈമാറിയെന്നായിരുന്നു പ്രസീതയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് നവാസിന്റെ പരാതിയെ തുടര്‍ന്ന് കോടതി ഇടപ്പെട്ട് കേസെടുക്കുകയായിരുന്നു. പിന്നീട് സംഭവത്തില്‍ പ്രസീതയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രസീതയെ വിളിച്ചുവരുത്ത് ക്രൈബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്.