ഭൂസമര കേന്ദ്രത്തില്‍ ഉദ്യോഗസ്ഥര്‍  പ്രശ്നങ്ങളുണ്ടാക്കുന്നു എസ് സി-എസ് ടി കോര്‍ഡിനേഷന്‍ കമ്മിറ്റി

0

അപ്പാട് ഭൂസമര കേന്ദ്രത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകോപനമുണ്ടാക്കി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ജില്ലാ എസ് സി-എസ് ടി കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കല്പറ്റയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.കൃഷിയും കുടിലും നശിപ്പിക്കുന്നതും കൃഷിക്ക് വളം ചെയ്യുന്നത് തടസപ്പെടുത്തുന്നതും പതിവാണ്. തകര്‍ന്ന ഷെഡ്ഡുകള്‍ പുനര്‍നിര്‍മിക്കാനോ പൊന്തക്കാടുകള്‍ വെട്ടി മാറ്റാനോ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരില്‍ ചിലര്‍ മദ്യപിച്ചെത്തി ആദിവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഇവര്‍ പറഞ്ഞു.

മീനങ്ങാടി പഞ്ചായത്തിലെ അപ്പാട് പ്രദേശത്ത് 35 ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി 2002 ലാണ് 50 ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ കുടില്‍കെട്ടി കൈവശപ്പെടുത്തിയത്. ഇതേ കാലയളവില്‍ ഇതേ ഭൂമിയുടെ ബാക്കിഭാഗം കൈവശപ്പെടുത്തിയ 150 ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശ രേഖ അനുവദിച്ച് കൊടുത്തപ്പോഴും അവഗണിക്കപ്പെട്ടതോടെയാണ് 2010 ജനുവരി 10 മുതല്‍ സമരം ഏറ്റെടുത്തത്. പലതവണ കുടിയിറക്ക് ശ്രമം ഉണ്ടായെങ്കിലും ജില്ലാ കലക്ടര്‍, സ്ഥലം എം എല്‍ എ എന്നിവരുടെ ഇടപെടലുകളും ഏറ്റവും ഒടുവിലത്തെ കുടിയിറക്ക് ശ്രമത്തെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നേരിട്ട് ഇടപെട്ടതോടെ നിര്‍ത്തി വെച്ചതാണ്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ഏതാനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സമരകേന്ദ്രത്തിലെ ഭൂമിയില്‍ അലോസരം സൃഷ്ടിക്കുകയാണ്. അടുത്ത മാസം 10ന് ജില്ലയിലെത്തുന്ന വനംമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചിട്ടുണ്ട്. അന്ന് മന്ത്രിക്ക് നിവേദനം നല്‍കാനും തീരുമാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പി കെ രാധാകൃഷ്ണന്‍, വി ടി കുമാര്‍, ടി പി ചന്ദ്രന്‍, വിജയന്‍, ഉണ്ണികൃ്ണന്‍ എന്നിവര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!