എല്ലാ പ്രായത്തിലുള്ളവരേയും കൊവിഡിന്റെ ഡെല്‍റ്റാ വകഭേദം ബാധിച്ചെന്ന് റിപ്പോര്‍ട്ട്. നവജാത ശിശുക്കള്‍ മുതല്‍ 80 വയസിന് മുകളിലുള്ളവരില്‍ വരെ കൊവിഡിന്റെ ഡെല്‍റ്റാ വകഭേദമായ ബി.1.617.2 കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എല്ലാ പ്രായത്തിലുള്ളവരേയും ബാധിച്ചെങ്കിലും ഡെല്‍റ്റാ വകഭേദം സാരമായി ബാധിച്ചത് 20-30 വരെ പ്രായമുള്ളവരിലാണ്.
ഡെല്‍റ്റാ വകഭേദത്തേക്കുറിച്ച് വിശദമായി പഠനം നടത്തുന്ന ഇംഗ്ലണ്ടിലെ പൊതുആരോഗ്യവിഭാഗത്തിന്റേതാണ് ഈ നിരീക്ഷണം. കൊവിഡിന്റെ ഡെല്‍റ്റാ വകഭേദം ആദ്യമായി കണ്ടത് മഹാരാഷ്ട്രയിലാണെന്നാണ് നിരീക്ഷണം. രണ്ട് പ്രാവശ്യം ജനിതക മാറ്റം വന്ന കൊവിഡ് 19 വൈറസ് എന്നായിരുന്നു ഇതിനെ ആദ്യം വിലയിരുത്തിയിരുന്നത്. രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇത്ര കണ്ട് രൂക്ഷമായതിന് പിന്നില്‍ ഡെല്‍റ്റാ വകഭേദമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ഡെല്‍റ്റാ വകഭേദം ബാധിച്ചവരില്‍ പുരുഷന്മാരുടെ എണ്ണം സ്ത്രീകളെ അപേക്ഷിച്ച് കൂടുതലാണ്. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കുന്നത് ഡെല്‍റ്റ വകഭേദത്തെ തടയുമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.ഡെല്‍റ്റാ വകഭേദത്തിന് ജനിതക മാറ്റം സംഭവിച്ച് ഡെല്‍റ്റ പ്ലസ് എന്ന വകഭേദമായിട്ടുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.