കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് നല്‍കുന്ന ക്രാഷ് ട്രെയിനിംഗ് കോഴ്‌സ് ജില്ലയില്‍ തുടങ്ങി. ജില്ലാ സ്‌കില്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തുന്ന പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മെഡിക്കല്‍ ഇതര മേഖലയില്‍ നിന്നും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജമാക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന പ്രധാന്‍മന്ത്രി കൗശല്‍ കേന്ദ്രയിലാണ് പരിശീലനം. വീടുകളിലെ പരിചരണം, അടിസ്ഥാന പരിചരണം, അടിയന്തര പരിചരണം, സാംപിള്‍ ശേഖരിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നീ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്.. 21 ദിവസത്തെ ക്ലാസ്റൂം പരിശീലനത്തിന് ശേഷം മൂന്ന് മാസം ആശുപത്രികളിലും പരിശീലനം നല്‍കും. രാജ്യത്ത് 111 കേന്ദ്രങ്ങളിലാണ് ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത്.
ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സുഭദ്രാ നായര്‍, കല്‍പ്പറ്റ ഐ.റ്റി.ഐ സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ജീവന്‍ ജോണ്‍, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ.അമ്പു, റിസര്‍ച്ച് ഓഫീസര്‍ കെ.എസ്. ശ്രീജിത്ത്, ജെ.ഐ.ടി.എം. സ്‌കില്‍സ് സ്റ്റേറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ ടി.എസ്. പറശ്ശിന്‍ രാജ്, ജില്ലാ സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍ രജ്ഞിത്ത് കുമാര്‍, പി.എം.കെ.കെ. സെന്റര്‍ മാനേജര്‍ ഷെമീര്‍ ചുണ്ടയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.