ലോക്ക് ഡൗണ്‍ ; അയല്‍ സംസ്ഥാനത്ത് നിന്നും ജില്ലയിലേക്ക് മദ്യം ഒഴുകുന്നു. മെയ് മാസത്തില്‍ മാത്രം എക്‌സൈസ് പിടികൂടിയത് 126 ലിറ്റര്‍ കര്‍ണാടക മദ്യവും 10400 ലിറ്റര്‍ സ്പിരിറ്റും. ഇതിനു പുറമെ തമിഴ്‌നാട് മദ്യം, വ്യാജചാരായം, വാഷ്, വൈന്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 11 പേര്‍ അറസ്റ്റിലായപ്പോള്‍ 9 പേരെ പിടികൂടാനുണ്ട്.
ലോക്ക് ഡൗണില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന നിരോധിച്ചതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്കുള്ള മദ്യമൊഴുക്കും, വ്യാജവാറ്റും നിര്‍ബാധം തുടരുകയാണന്നാണ് എക്‌സൈസ് പിടികൂടിയ വിദേശ , വ്യാജമദ്യങ്ങളുടെ കണക്ക് വ്യക്തമാക്കുന്നത്. ഈ മാസം ആദ്യം മുതല്‍ ഇന്നലെ വരെ മാത്രം 126. 97ലിറ്റര്‍ കര്‍ണ്ണാടകമദ്യമാണ് പിടികൂടിയത്. സംഭവത്തില്‍ 8 പേര്‍ പിടിയിലാവുകയും രണ്ട് പേരെ പിടികൂടാനുമുണ്ട്. ഇന്നലെ മാത്രം മൂന്ന് കേസുകളിലായി പിടി കൂടിയത് 67 ലിറ്റര്‍ കര്‍ണാടക മദ്യമാണ്. ഇതില്‍ മൂന്ന് പേര്‍ അറസ്റ്റിലാവുകയും ചെയ്തു. ഇക്കാലയളവില്‍ 30. 465 ലിറ്റര്‍ തമിഴ്‌നാട് മദ്യം പിടികൂടി. ഇതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ നിന്നും സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച 10400 ലിറ്റര്‍ സ്പിരിറ്റ്, 30 ലിറ്റര്‍ വൈന്‍ എന്നിവയും ഈ മാസം പിടികൂടി. ഇതില്‍ വൈന്‍ പിടികൂടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായപ്പോള്‍, സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല. ഇതിനു പുറമെ 2900 ലിറ്റര്‍ വാഷും, 31.8 ലിറ്റര്‍ വാറ്റ് ചാരായവും പിടികൂടി. ഇതില്‍ 7 പേര്‍ പിടിയിലാകാനുണ്ട്. പച്ചക്കറി വണ്ടികളിലും, ചരക്ക് വാഹനങ്ങളിലുമൊക്കെയാണ് അയല്‍ സംസ്ഥാനത്തു നിന്നും മദ്യം എത്തിക്കുന്നത്.