
കര്‍ണാടകയില്‍ നിന്ന് കെമിക്കല്‍ ചേര്‍ത്ത ഗുണനിലവാരമില്ലാത്ത പാല്‍ കൊണ്ട് വന്ന് ജില്ലയില്‍ വില്‍ക്കുമ്പോഴും ഇവ പരിശോധിക്കാനും നടപടിയെടുക്കാനും തയ്യാറാകാത്ത ക്ഷീരവികസന വകുപ്പിനെതിരെ പ്രതിഷേധം ശക്തം. ലോക് ഡൗണ്‍ പ്രതിസന്ധി കാരണം സൊസൈറ്റികള്‍ക്ക് ജില്ലയിലെ ക്ഷീരകര്‍ഷകരില്‍ നിന്ന് പൂര്‍ണ്ണമായി പാല്‍ സംഭരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കെമിക്കല്‍ ചേര്‍ത്ത പാല്‍ എത്തിച്ചു വില്‍പ്പന നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നായി ശരാശരിദിനം പ്രതി ദിനം ഒരു ലക്ഷം ലിറ്റര്‍ പാലാണ് ജില്ലയില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നത്. കെമിക്കല്‍ ചേര്‍ത്ത് കൊണ്ടുവരുന്ന ഈ പാലുകള്‍ വില കുറച്ചാണ് ഇവിടെ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതും. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്ന ഈ പാല്‍ ജില്ലയിലേക്ക് എത്തിക്കുമ്പോള്‍ ഇത് പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്താന്‍ ക്ഷീരവികസന വകുപ്പ് തയ്യാറാകുന്നില്ലന്നാണ് ആരോപണം ഉയരുന്നത്. അതേ സമയം ജില്ലയിലെ സൊസൈറ്റികള്‍ സംഭരിക്കുന്ന പാല്‍ കൃത്യമായി ഫുഡ് ആന്റ് സേഫ്റ്റി അധികൃതര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. ലോക് ഡൗണ്‍പ്രതിസന്ധി കാരണം ജില്ലയിലെ സൊസൈറ്റികള്‍ക്ക് ക്ഷീര കര്‍ഷകരില്‍ നിന്നും പൂര്‍ണ്ണമായും പാല്‍ സംഭരിച്ച് വില്‍പ്പന നടത്താന്‍ പ്രയാസമനുഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കെമിക്കല്‍ ചേര്‍ത്ത ഗുണനിലവാരമില്ലാത്ത പാല്‍ എത്തിച്ച് വില്‍പ്പന നടത്തുന്നത്.ഈ സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ വെച്ച് തന്നെ ഇത്തരത്തില്‍ കൊണ്ടുവരുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ക്ഷീരവികസസ വകുപ്പ് തയ്യാറാകണം എന്നാണ് സൊസൈറ്റി ഭാരവാഹികള്‍ തന്നെ ആവശ്യപ്പെടുന്നത്. അയല്‍ സംസ്ഥാനത്തു നിന്നും പാല്‍ എത്തിച്ച് സ്വകാര്യ ഏജന്‍സികള്‍ വില്‍ക്കുന്നതില്‍ കര്‍ഷകരില്‍ നിന്നും പ്രതിഷേധം ഉയരുകയും കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ കൊണ്ടുവന്ന പാല്‍ തടഞ്ഞ് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.