കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചില്ല  പ്രതിഷേധവുമായി സി.പി.എം

0

മാനന്തവാടി നഗരസഭയില്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചില്ല. പ്രതിഷേധവുമായി സി.പി.എം.തെരുവോരങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ പോലും സുരക്ഷിത സ്ഥലേത്തേക്ക് മാറ്റാനോ ഭക്ഷണമില്ലാത്തവന് ഭക്ഷണം നല്‍കാനോ നഗരസഭ മുതിരുന്നില്ലെന്നും സി.പി.എം.അതെ സമയം ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ കമ്യൂണിറ്റി കിച്ചണ്‍ ആവശ്യമില്ല എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കമ്യുണിറ്റി കിച്ചണ്‍ ആരംഭിക്കാത്തതെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിര്‍ദ്ദനരായ നിരവധിയാളുകള്‍ പ്രയാസത്തിലാണ്. മാനന്തവാടി നഗരത്തില്‍ ചെറിയ ചെറിയ തൊഴിലുകള്‍ ചെയ്തു വരുന്നവര്‍  തെരുവോരത്തും , കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവര്‍ ഇവര്‍ക്കെല്ലാമായി കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് അന്നത്തെ നഗരസഭ ഗവ.യു.പി.സ്‌കൂളില്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ച് ഭക്ഷണമെത്തിച്ചിരുന്നു. ഈ ലോക് ഡൗണിലും ആവശ്യമായ ഇടങ്ങളിലൊക്കെ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കണമെന്ന് ഗവ.ഉത്തരവുണ്ട്. തിരുനെല്ലി പഞ്ചായത്തുകളില്‍ കമ്യൂണിറ്റി കിച്ചണ്‍ നല്ല നിലയ്ക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ താലൂക്ക് ആസ്ഥാനവും പ്രധാന നഗരവുമായ മാനന്തവാടിയില്‍ നഗരസഭ കമ്യൂണിറ്റി കിച്ചണ്‍ തുടങ്ങാത്തത് നഗരസഭയുടെ പിടിപ്പു കേടാണ്. ഇക്കാര്യത്തില്‍ നഗരസഭ ഭരണ സമിതി കാണിക്കുന്ന അലംഭാവം തിരുത്തണമെന്നും ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കണമെന്നും സി.പി.ഐ.എം. മാനന്തവാടി ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.അതെ സമയം ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ കമ്യൂണിറ്റി കിച്ചണ്‍ ആവശ്യമില്ല എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കമ്യുണിറ്റി കിച്ചണ്‍ ആരംഭിക്കാത്തതെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!