ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കണ്ടെയന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാന പ്രകാരമാണ് മാറ്റം.ഒരു വാര്‍ഡില്‍ 10 അല്ലെങ്കില്‍ അതിലധികം വീടുകളില്‍ കോവിഡ് രോഗബാധയുണ്ടായാല്‍ പ്രസ്തുത വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കും. ഇതിനായി മെഡിക്കല്‍ ഓഫീസര്‍ ബന്ധപ്പെട്ട പഞ്ചായത്ത്/ നഗരസഭാ സെക്രട്ടറിക്ക് പ്രൊപ്പോസല്‍ നല്‍കുകയും സെക്രട്ടറി അത് ജില്ലാ കലക്ടര്‍ക്ക് അയക്കുകയും ചെയ്യണം. കോവിഡ് പോര്‍ട്ടലിലൂടെയാണ് ഈ നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത്.
ഒരു തദ്ദേശ സ്ഥാപനത്തിലെ പകുതിയില്‍ അധികം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായാല്‍ ആ തദ്ദേശ സ്ഥാപനം പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിക്കും. ഇത് കൂടാതെ ഏതെങ്കിലും മേഖലയിലെ കേസുകളുടെ/ പ്രാഥമിക സമ്പര്‍ക്കങ്ങളുടെ എപ്പിഡമിയോളജിക്കല്‍ പരിശോധനയില്‍ അവിടെ ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ടെങ്കില്‍ അവിടെ കണ്ടെയ്ന്‍മെന്റ് ആക്കുന്നതിന് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ശുപാര്‍ശ നല്‍കാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.