അപകടാവസ്ഥയില്‍ ആയ കലുങ്ക് നന്നാക്കാന്‍ നടപടി ഉണ്ടാവണം
വൈത്തിരി പടിഞ്ഞാറത്തറ റോഡില്‍ എട്ടാം മൈലിന് സമീപം അപകടാവസ്ഥയിലായ കലുങ്ക് നന്നാക്കുന്നതിന് രണ്ട് മാസം കഴിഞ്ഞിട്ടും നടപടികള്‍ ഒന്നും ഇല്ലാത്തതില്‍ സമന്വയ സാംസ്‌കാരിക വേദി പ്രതിഷേധിച്ചു. കലുങ്ക് അപകടാവസ്ഥയില്‍ എന്നുള്ള ബോര്‍ഡ് സ്ഥാപിക്കുക മാത്രമാണ് ഇക്കാര്യത്തില്‍ ചെയ്തത്. കലുങ്ക് അപകടാവസ്ഥയില്‍ ആയതോടെ ഈ വഴി കാവുംമന്ദത്തേക്കുണ്ടായിരുന്ന ബസ് സര്‍വ്വീസുകളും നിലച്ചു. നിര്‍മ്മല ഹൈസ്‌ക്കൂളിലേക്കും സെന്റ് മേരീസ് യു.പി സ്‌ക്കൂളിലേക്കും പൊഴുതന ഭാഗത്ത് നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബസ് കടന്ന് പോകാത്തതിനാല്‍ പാറത്തോട് ബസ് ഇറങ്ങി രണ്ടു കിലോ മീറ്ററോളം നടന്നാണ് സ്‌കൂളില്‍ എത്തുന്നത്. കലുങ്ക് അപകടാവസ്ഥയില്‍ ആണെന്നും അതിനാല്‍ സ്‌കൂള്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത് വിലക്കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ പത്ത് ടണ്ണില്‍ അധികം ഭാരം കയറ്റി വരുന്ന ടിപ്പര്‍ ലോറികളും വലിയ ടൂറിസ്റ്റ് ബസുകളും ഇതിലെ കടന്ന് പോകുന്നത് കണ്ടില്ലാന്ന് നടിക്കുന്നു. പ്രശ്നത്തില്‍ ഉടനെ പരിഹാരം കണ്ടില്ലെങ്കില്‍ സമരപരിപാടികള്‍ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.ഡി ജെയ്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എ റെജ് ലാസ്, ജോജിന്‍ ടി. ജോയി, കെ. ബാബു, വിനോദ് മച്ചു കുഴി, ജിജേഷ് കെ.ടി, ജെയ്ന്‍ മാത്യു, വി. ജെറ്റിഷ്, കെ.ടി ജിനേഷ്, ടി.ജെ മാഴ്‌സ്, ടി.എന്‍ ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.