വെള്ളരിപ്പാലത്ത് വീണ്ടും കടുവയുടെ സാന്നിധ്യം

0

മാനന്തവാടി ഒഴക്കോടി മക്കിക്കൊല്ലി വെള്ളരിപ്പാലത്ത് വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച പശുവിന്റെ ശരീരാവശിഷ്ടം കടുവ വീണ്ടുമെത്തി ഭക്ഷിച്ചു. തോട്ടത്തിലുണ്ടായിരുന്ന പശുവിന്റെ ജഡം ഏകദേശം 150 മീറ്ററോളം മാറി വയലിലെ തീറ്റപ്പുലിനിടയില്‍ കൊണ്ടു വന്നിട്ടാണ് ഭക്ഷിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കടുവയുടെ ദൃശ്യം വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്.മാനന്തവാടി റെയ്ഞ്ചിന്റെ ചുമതലയുള്ള പേരിയ റെയ്ഞ്ച് ഓഫീസര്‍ എം പി സജീവിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് കടുവയെ തുരത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.പ്രദേശത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് കുന്നുകളിലൊന്നില്‍ കടുവ ഉണ്ടാകുമെന്ന നിഗമനത്തിലാണ് വനം വകുപ്പ്.

ഇന്നലെ പുലര്‍ച്ചെയാണ് കടുവ പശുക്കളെ ആക്രമിച്ചത്. പ്രദേശവാസിയായ ഫ്രാന്‍സിസിന്റെ തൊഴുത്തില്‍ കെട്ടിയ പശുവിനെ ആക്രമിക്കുകയും പശുകിടാവിനെ കടിച്ച് വലിച്ച് 200 മീ. ദൂരെ യുള്ള തോട്ടത്തില്‍ കൊണ്ടുപോയി പാതി ഭക്ഷിച്ചതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു. വിവരമറിഞ്ഞതിന്റെ തൊട്ടുപിന്നാലെ സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്ത കുന്നില്‍ കടുവയുടെ സാന്നിധ്യം നാട്ടുകാര്‍ സ്ഥിരീകരിച്ചതോടെ വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് ജാഗ്രത മുന്നറിയിപ്പ് നല്‍കുകയും കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

വൈകുന്നേരത്തോടെ പടക്കം പൊട്ടിച്ച് കടുവയെ തുരത്താനുള്ള ശ്രമം തുടങ്ങി. വനമേഖല ഒട്ടും ഇല്ലാത്ത ജനവാസ കേന്ദ്രമായ ഒഴക്കോടി പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത് പ്രദേശത്തെ ജനത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു..

Leave A Reply

Your email address will not be published.

error: Content is protected !!