ഹോം ഷോപ്പ് പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0

നല്ലത് വാങ്ങുക നന്‍മ ചെയ്യുക എന്ന ഉദ്ദേശത്തോടെ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഹോം ഷോപ്പ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി സാജിത ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രാദേശിക സാമ്പത്തിക, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന്റെ ഭാഗമായി അയല്‍കൂട്ടങ്ങളിലെ ഗ്രാമീണ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വീടുകളില്‍ എത്തിച്ച് വിപണനം നടത്തുന്നതാണ് പദ്ധതി.

മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

അയല്‍ക്കൂട്ട സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍, കറിപ്പൊടികള്‍, മസാലക്കൂട്ടുകള്‍, കാപ്പിപ്പൊടി, ക്ലീനിംഗ് മെറ്റീരിയല്‍സ്, കരകൗശല ഉത്പന്നങ്ങള്‍ തുടങ്ങിയവ പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ നിന്നും പരിശീലനം ലഭിച്ച കുടുംബശ്രീ വനിതകളായ ഹോംഷോപ്പ് ഓണര്‍മാരിലൂടെ വീടുകളിലെത്തി വിപണനം ചെയ്യും.

ഇതിലൂടെ നല്ല രീതിയിലുള്ള വരുമാനവും കണ്ടെത്താനാവും.ഹോം ഷോപ്പര്‍മാര്‍ക്ക് ജില്ലാ മാനേജ്‌മെന്റ് യൂണിറ്റ് ഉല്‍പ്പന്നങ്ങള്‍ അവരുടെ വാര്‍ഡുകളിലേക്ക് എത്തിച്ച് കൊടുക്കുകയും ഹോം ഷോപ്പ് ഓണര്‍മാര്‍ ഉല്‍പ്പന്നങ്ങള്‍ അവരുടെ വീടുകളില്‍ സൂക്ഷിച്ച് അടുത്ത പ്രദേശങ്ങളില്‍ വിപണനം നടത്തുകയും ചെയ്യുന്നതാണ് രീതി. ജില്ലയിലാകെ വിപണന മേഖലയില്‍ പരിശീലനം ലഭിച്ച 200 കുടുബശ്രീ വനിതകളാണുള്ളത്. ചെറുകിട കുടില്‍ സംരംഭകരെ വിപണന രംഗത്ത് സഹായിക്കുന്നതിനും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ആവശ്യക്കാരിലെത്തിക്കുന്നത് വഴി ഗ്രാമീണ സംരംഭകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാക്കുകയാണ് പദ്ധതി ലക്ഷ്യം.

ചടങ്ങില്‍ ഹോം ഷോപ്പ് ഓണര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡും, യൂണിഫോമും, സാധനങ്ങള്‍ കൊണ്ടു പോകാനുള്ള ബാഗുകളും വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത വിതരണോദ്ഘാടനം നടത്തി. കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും പരിപാടിയില്‍ നടത്തി. എഡിഎംസി മുരളീധരന്‍ അധ്യക്ഷനായി. എഡിഎംസി വാസുപ്രദീപ്,രമ്യ മാര്‍ക്കറ്റിംഗ് ഡിപിഎം, ഹോം ഷോപ് മാനേജര്‍ ശിവ പ്രദീപ്, വിഷ്ണു ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ ഹോം ഷോപ്പ് ഓണര്‍മാരും കുടുംബശ്രീ സംരംഭകരും പങ്കെടുത്തു പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!