തോട്ടം തൊഴിലാളികള്‍ക്കുളള ഭവന സമുച്ചയത്തിന് തറക്കല്ലിട്ടു

0

തോട്ടം തൊഴിലാളികള്‍ക്കുളള ഭവനസമുച്ചയ നിര്‍മ്മാണത്തിന് മേപ്പാടി പുഴമൂലയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ തറക്കല്ലിട്ടു.പീവീസ് ഗ്രൂപ്പ് ചെയര്‍മാനും രാജ്യസഭാ എം.പിയുമായ പി.വി.അബ്ദുള്‍ വഹാബിന്റെ ഉടമസ്ഥതയിലുളള ചെമ്പ്രപീക്ക് ഫാത്തിമ ഫാംസ് എസ്‌റ്റേറ്റ് സൗജന്യമായി വിട്ടു നല്‍കിയ ഒരു ഏക്കര്‍ ഭൂമിയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.

കേരള സ്‌റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്റെ പൊതുനന്മാ ഫണ്ടില്‍ നിന്നും 4 കോടി രൂപ ഉപയോഗിച്ചാണ് ഫഌറ്റ് സമുച്ചയം നിര്‍മ്മിക്കുക.ആദ്യഘട്ടത്തില്‍ 100 വീടുകളാണ് ജില്ലയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുളളത്.വയനാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി ഇത്തരമൊരു ഭവനനിര്‍മ്മാണ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍കുമെന്നും ഈ ഉത്തരവാദിത്വം നിറവേറ്റി മുന്നോട്ട് പോകുമെന്നും മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. തോട്ടം തൊഴിലാളികളുടെ നിലവിലുളള ലയങ്ങള്‍ പുതുക്കി പണിയുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ വിഷമകരമായ സംഗതിയാണ്. തോട്ടം ഉടമകളും സര്‍ക്കാറും ചേര്‍ന്ന് തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. തോട്ടം തൊഴിലാളികളുടെ ഭവന നിര്‍മ്മാണത്തിന് കൂടുതല്‍ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് പി.വി.അബ്ദുള്‍ വഹാബ് എം.പിയും അറിയിച്ചു.ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ വി.സതീശന്‍, റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എം.സുരേഷ്, ജില്ലാ ലേബര്‍ ഓഫീസര്‍ കെ.സുരേഷ്, തൊഴിലാളി സംഘടന പ്രതിനിധികളായ പി.ഗഗാറിന്‍ (സി.ഐ.ടി.യു), പി.പി.എ.കരീം, (എസ്.ടി.യു),പി.പി.ആലി, (ഐ.എന്‍.ടി.യു.സി), പി.കെ.മൂര്‍ത്തി, (എ.ഐ.ടി.യു.സി), പി.കെ.അനില്‍കുമാര്‍ (ഐ.എന്‍.ടി.യു.സി), വേണുഗോപാല്‍(കെ.ഡി.പി.എല്‍.സി),എന്‍.ഒ.ദേവസ്യ(എച്ച്.എം.എസ്), പി.കെ.മുരളീധരന്‍(ബി.എം.എസ്), സാം.പി.മാത്യു (ടി.യു.സി.ഐ) തുടങ്ങിയവര്‍  പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!