വയനാട് ജില്ലയുടെ സ്വപ്ന പദ്ധതിയായ നിലമ്പൂര്‍-നഞ്ചന്‍കോട്-തലശ്ശേരി-മൈസൂര്‍ റെയില്‍വെ ലൈനുകളുടെ ഡിറ്റൈയില്‍ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലെയും കണ്‍സള്‍ട്ടന്‍സി സിസ്ട്രയുടെയും ഉദ്യോഗസ്ഥര്‍ കല്‍പ്പറ്റയില്‍ ഇതിന്റെ ഭാഗമായുള്ള പരിശോധന നടത്തി.രണ്ട് മാസത്തിനുള്ളില്‍ ഡിപിആര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ അറിയിച്ചു.
ഇരുലൈനുകളും കല്‍പ്പറ്റയില്‍ ബന്ധിപ്പിച്ച് മീനങ്ങാടി ബത്തേരി വഴി കര്‍ണാടകയിലേക്ക് പോകുന്ന രീതിയിലാണ് നിശ്ചയിച്ചിട്ടുള്ളത്. മണിയങ്കോടിനും കൈനാട്ടിക്കും ഇടയിലാവും ജംഗ്ഷന്‍ വരിക.ഈ അലൈന്‍മെന്റിന്റെ ഭാഗമായാണ് മണിയങ്കോട് പരിശോധന നടത്തിയത്.
നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വെ ലൈന്‍ ഡിപിആര്‍ തയ്യാറാക്കകുന്നതിനായി മുമ്പ് ഡിഎംആര്‍സിയെയായിരുന്നു ചുമതലപ്പെടുത്തിയത്. ഇതിനായി രണ്ട് കോടി രൂപ ഇതിനായി അനുവദിക്കുകയും ചെയ്തിരുന്നു. അതിനിടെ കര്‍ണാടക അതിര്‍ത്തിയില്‍ സര്‍വെ നടത്താനുള്ള അനുമതി കര്‍ണാടക സര്‍ക്കാര്‍ നിഷേധിച്ചു. ഇതോടെ സര്‍വെ നിലക്കുകയായിരുന്നു. കര്‍ണാടകയുടെ അനുമതിക്കായി കേരളം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അനുമതി ലഭിക്കുംവരെ കാത്തുനില്‍ക്കാതെ കേരളത്തിന്റെ ഭൂ പ്രദേശത്തുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കെ റെയിലിനാണ് ഇതിനുള്ള ചുമതല.നിലമ്പൂര്‍ നഞ്ചന്‍കോട് പാതക്കൊപ്പം തലശ്ശേരി മൈസൂരു പാതയും ശക്തമായ ആവശ്യമായി ഉയര്‍ന്നുവന്നിരുന്നു. രണ്ട് ആക്ഷന്‍ കമ്മിറ്റികളും ഓരോ പാതക്കായി രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് രണ്ട് പാതയുകളും സര്‍വെ നടത്താന്‍ തീരുമാനിച്ചത്.സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ ജില്ലയിലെ എല്ലാ ഭാഗത്തുള്ളവര്‍ക്കും പരിഗണന ലഭിക്കുന്ന വിധത്തിലാണ് റെയില്‍വെ സ്വപ്നം യാഥാര്‍ഥ്യമാവുക. സംസ്ഥാനത്തെ പുതിയ റെയില്‍വെ ലൈനുകളുടെ ഡിപിആര്‍ തയ്യാറാക്കുന്നതിനുവേണ്ടി 100 കോടിരൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് സീനിയര്‍ ഡിജിഎം കെ കെ സലീം, സെക്ഷന്‍ എഞ്ചിനീയര്‍മാരായ എസ് പ്രശാന്ത്, ധനേഷ് അരവിന്ദ്, സിസ്ട്രാ അലൈമെന്റ് എഞ്ചിനീയര്‍ ബഹ്‌റ എന്നിവടങ്ങിയ സംഘമാണ് കല്‍പ്പറ്റയില്‍ പരിശോധന നടത്തിയത്.