അന്താരാഷ്ട്ര ബാലികാ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ വനിത ശിശു വികസന ഓഫീസും മഹിള ശക്തികേന്ദ്രയും സംയുക്തമായി വിവിധയിടങ്ങളില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. കളക്ട്രേറ്റില്‍ നടന്ന ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിങ് നിര്‍വ ഹിച്ചു. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കുക, ആണ്‍ പെണ്‍ അനുപാതത്തിലുളള അന്തരം കുറയ്ക്കുക, പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യപരവുമായ ചുറ്റുപാട് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ ബാലികാ വാരാചരണം ആചരിക്കുന്നത്.
മുട്ടില്‍, പനമരം, മീനങ്ങാടി എന്നിവിടങ്ങളിലും ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.ഡബ്ല്യു.എം.ഒ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് ആണ്‍ പെണ്‍ അനുപാതത്തിലെ കുറവ്, പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസും സംവാദവും നടത്തി. കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം മാസ് കമ്യുണിക്കേഷന്‍ വിഭാഗം അധ്യാപിക കെ.എസ് ഷീജ നിര്‍വഹിച്ചു. ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ എ. നിസ, വുമണ്‍വെല്‍ഫയര്‍ ഓഫീസര്‍ നിഷ വര്‍ഗ്ഗീസ്, കല്‍പ്പറ്റ സി.ഡി.പി.ഒ കാര്‍ത്തിക അന്ന തോമസ്,ജില്ലാ കോര്‍ഡിനേറ്റര്‍ എം.എ ഹര്‍ഷ , പി.ഡി സ്റ്റെഫി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു