മെഡിക്കല്‍ കോളേജ് പനമരത്ത് സ്ഥാപിക്കണം – പനമരം പൗരസമിതി
വയനാട് മെഡിക്കല്‍ കോളേജ് ജില്ലയുടെ ഹൃദയ ഭാഗമായ പനമരത്ത് സ്ഥാപിക്കണമെന്ന് പനമരം പൗരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വയനാടിന്റെ മധ്യഭാഗമായതിനാല്‍ മാനന്തവാടി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ രോഗികള്‍ക്ക് പരമാധി 30 മുതല്‍ 35 കിലോമീറ്ററിനുള്ളില്‍ സഞ്ചരിച്ച് ഇവിടേക്കെത്താം. അതിനാല്‍ പനമരം കേന്ദ്രീകരിച്ച് മെഡിക്കല്‍ കോളേജ് ഒരുങ്ങുന്നത് ജില്ലയിലെ മുഴുവന്‍ പേര്‍ക്കും ഒരുപോലെ ഗുണം ചെയ്യും
ജില്ലയുടെ നാനാ ദിക്കില്‍ നിന്നും വളരെ എളുപ്പത്തിലും ആധുനിക റോഡ് മാര്‍ഗ്ഗത്തിലും എത്തിപ്പെടാന്‍ കഴിയുന്ന പ്രദേശമാണ് പനമരം. പാരിസ്ഥിതിക പ്രശ്‌നങ്ങളോ , പ്രളയഭീഷണിയോ, മണ്ണിടിച്ചിലോ, വന്യമൃഗ ശല്യമോ ഇല്ലാത്ത മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ ഇതകുന്ന സ്ഥലങ്ങള്‍ ഒട്ടനവധി ഇവിടെ ലഭ്യമാണ്. പനമരം , കണിയാമ്പറ്റ പഞ്ചായത്തുകളിലെ പച്ചിലക്കാട്, കൂടോത്തുമ്മല്‍ , എരനെല്ലൂര്‍, ചുണ്ടക്കുന്ന്, പാലുകുന്ന്, പരിയാരം, പുഞ്ചവയല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഏക്കറ കണത്തിന് ഭൂമികള്‍ സൗകര്യ പ്രഥമായ വിധം റോഡരികിലും ഉള്‍പ്രദേശങ്ങളിലുമായുണ്ട്. അതിനാല്‍ ബന്ധപ്പെട്ട അധികാരികള്‍ മറ്റു തര്‍ക്കങ്ങളിലേക്ക് പോവാതെ ജില്ലയുടെ ആതുര സേവനത്തിന് ഉപകരിക്കുന്നതും എല്ലാ തരത്തിലും മെച്ചപ്പെട്ടതുമായ ഈ സ്ഥലം പരിഗണിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ബോയ്‌സ് ടൗണില്‍ മെഡിക്കല്‍ കോളേജ് നിര്‍മിച്ചാല്‍ വൈത്തിരി, ബത്തേരി താലൂക്കിലെ ഉള്‍ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് മണിക്കൂറുകള്‍ ചിലവഴിച്ചും ഗതാഗതകുരുക്കില്‍ കുടുങ്ങിയും ഇവിടേക്കെത്താന്‍ ഏറെ പ്രയാസകരമാവും. ഇതിലും എളുപ്പത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്താം.
കൂടാതെ മഴക്കാലത്ത് പാല്‍ച്ചുരം റോഡ് ഇടിഞ്ഞു തകരുക പതിവായതിനാല്‍ കണ്ണൂര്‍ ജില്ലയുടെ പേരാവൂര്‍ മേഖലയിലുള്ളവര്‍ക്കും ബോയിസ് ടൗണില്‍ എത്തിച്ചേരുക എന്നതും ദുഷ്‌കരമാണ്.
ഫലത്തില്‍ വയനാട്ടിലെ ബത്തേരി ,വൈത്തിരി താലൂക്കുകളിലെയും പേരാവൂര്‍ മേഖകളില്‍ താമസിക്കുന്നവരുടേയും ദുരിതം തുടരും.
എം.സി.ഐ. നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളജിന് 20 ഏക്കര്‍ സ്ഥലം മതി. ഇത് വിലയ്ക്കുവാങ്ങാന്‍ പരമാവധി 15 കോടി രൂപ ചിലവാകും. സര്‍ക്കാര്‍ അനുവദിച്ച 300 കോടി രൂപയില്‍ ഇത് വലിയൊരു തുകയൊന്നുമല്ല. അതിനാല്‍ ഏറ്റവും അനുകൂല പ്രദേശമായ പനമരത്തെ മെഡിക്കല്‍ കോളേജിനായി പരിഗണിക്കണം. പത്രസമ്മേളനത്തില്‍ പൗരസമിതി ഭാരവാഹികളായ എം.ആര്‍.രാമകൃഷ്ണന്‍, കെ.സി. സഹദ്, റസാക്ക്.സി. പച്ചിലക്കാട്, കാദറുകുട്ടി കാര്യാട്ട്, വി.ബി.രാജന്‍, ടി. ഖാലിദ് എന്നിവര്‍ സംസാരിച്ചു.