കുളം കൈയ്യേറിയതായി പരാതി
മൈനര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ നിര്‍മ്മിച്ച കുളം സ്വകാര്യ വ്യക്തി കൈയ്യേറിയതായി പരാതി.മാനന്തവാടി പയ്യംമ്പള്ളി വില്ലേജില്‍പ്പെട്ട സ്ഥലത്തെ പൊതുകുളമാണ് നെല്‍കൃഷിക്ക് പോലും വെള്ളം നല്‍കാതെ സ്വകാര്യ വ്യക്തി കൈവശം വെച്ചു വരുന്നതായി പരാതി ഉയര്‍ന്നത്. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിഇല്ലാത്തതിനാല്‍ ഏക്കര്‍ കണക്കിന് വയലുകളാണ് കൃഷി ഇറക്കാന്‍ കഴിയാതെ തരിശുഭൂമിയായി കിടക്കുന്നത്. അതെ സമയം പരാതി അടിസ്ഥാന രഹിതമെന്ന് സ്വകാര്യ വ്യക്തി.
പയ്യംമ്പള്ളിയില്‍ മുപ്പത് വര്‍ഷം മുന്‍പ് കൃഷി ആവശ്യത്തിനായാണ് പ്രദേശവാസിയായ ഒരാള്‍ നല്‍കിയ സ്ഥലത്ത് കുളം നിര്‍മ്മിച്ചത്.പ്രദേശത്തെ വയലുകളില്‍ നെല്‍കൃഷി ചെയ്യാന്‍ മൈനര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്് കുളം നിര്‍മ്മിച്ചത്.എന്നാല്‍ കുളം നല്‍കിയ വ്യക്തിയുടെ മകന്‍ ഇപ്പോള്‍ കുളം കൈവശം വെക്കുകയും ഒരു മീറ്റര്‍ താഴ്ചയില്‍ കിടങ്ങ് കുഴിച്ചതിനാല്‍ സമീപത്തെ കോളനിവാസികള്‍ക്ക് പോലും വഴി നടക്കാന്‍ കഴിയില്ലെന്ന് കോളനിവാസികള്‍ പറയുന്നു.കുളം കൈയേറി കിടങ്ങ് കുഴിച്ചതിനാല്‍ സമീപ പ്രദേശങ്ങളിലെ വയലുകളിലേക്ക് വെള്ളം എത്തിക്കാന്‍ കഴിയാത്തതിനാല്‍ സമീപ പ്രദേശങ്ങളിലെ വയലുകളില്‍ കൃഷി ഇറക്കാന്‍ കഴിയുന്നില്ലന്ന് കര്‍ഷകരും പറയുന്നു.അതെ സമയം കുളം കൈയേറിയെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും കുളത്തിന് സമീപത്തെ തന്റെ കൈവശമുള്ള സ്ഥലത്താണ് കിടങ്ങ് കുഴിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സ്വകാര്യ വ്യക്തി പറഞ്ഞു.