യുഎഇ ദേശീയദിനാഘോഷത്തിന് നാടും നഗരവും ഒരുങ്ങി; ഇന്ന് മുതൽ പൊതു അവധി
യുഎഇ ദേശീയദിനാഘോഷത്തിന് നാടും നഗരവും ഒരുങ്ങി. ബുധനാഴ്ചയാണ് 49–ാം ദേശീയദിനം. യുഎഇയുടെ ചതുർനിറ ദേശീയ പതാക ഉയരങ്ങളിലേയ്ക്ക് പറക്കുന്നത് കാണാൻ സ്ത്രീകളും കുട്ടികളുമടക്കമുള്ള സ്വദേശികളും പോറ്റമ്മനാടിന്റെ അഭിമാന ദിനാഘോഷത്തിൽ പങ്കുചേരാൻ പ്രവാസികളും തയാറായിക്കഴിഞ്ഞു.
ഇന്ന്മുതൽ യുഎഇയിൽ പൊതു അവധിയാണ്. സർക്കാർ ജീവനക്കാർക്ക് ഞായറാഴ്ചമുതലാണ് ഇനി ഔദ്യോഗിക വൃത്തി. സ്വകാര്യ കമ്പനികളിൽ പലതിനും ശനിയാഴ്ച കൂടി അവധിയുള്ളതിനാൽ മലയാളികളടക്കമുള്ള ഒട്ടേറെ ജീവനക്കാർക്ക് 5 ദിവസത്തെ അവധി ലഭിക്കും.
പലരും ദീർഘ സ്ഥലങ്ങളിലേയ്ക്കുള്ള യാത്രയും പദ്ധതിയിട്ടിട്ടുണ്ട്.സർക്കാർ ഓഫിസുകളിലും മറ്റും ദേശീയദിന ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പലയിടത്തും ഇനിയുള്ള ദിവസങ്ങളിലും ആഘോഷം അരങ്ങേറും.
സ്വദേശികളോടൊപ്പം ഇന്ത്യക്കാരടക്കമുള്ള പ്രവാസികളും ആഘോഷങ്ങളിൽ പങ്കുചേരുന്നു. മലയാളി സംഘടനകളും കോവിഡ്19 പ്രോട്ടോകോൾ അനുസരിച്ചുള്ള ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.