ജില്ലയിലാദ്യമായി ആധുനിക രീതിയില്‍ സ്കൂള്‍ അടുക്കള സ്വന്തം ചിലവില്‍ നവീകരിച്ച് മാതൃകയായിരിക്കുകയാണ് തരിയോട് ജി എല്‍ പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും. നിലം മുഴുവന്‍ ടൈല്‍സ് പതിച്ചും പഴയ വിറകടുപ്പുകള്‍ മാറ്റി ഗ്യാസ് അടുപ്പുകള്‍ സ്ഥാപിച്ചും പാത്രങ്ങള്‍ കഴുകുന്ന സ്ഥലമൊരുക്കിയും പുതിയ ചായം പൂശി, ചിത്രങ്ങള്‍ വരച്ചും അടുക്കള പുതു മോടിയിലാക്കി.
ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട് 2017 അവസാനത്തില്‍ ഉപജില്ലാ തലത്തില്‍ നടന്ന ഒരു യോഗത്തില്‍ അടുക്കള നവീകരണവുമായി ബന്ധപ്പെട്ട് വന്ന ചര്‍ച്ചയാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് നയിച്ചത്. ഇത് പ്രകാരം സ്കൂളിലെ പ്രധാനാധ്യാപിക വല്‍സ പി മത്തായിയുടെ നേതൃത്വത്തില്‍ പ്രീ പ്രൈമറി മുതലുള്ള മുഴുവന്‍ അധ്യാപകരും മറ്റ് ജീവനക്കാരും ചേർന്ന് അടുക്കള നവീകരിച്ചത്. പുതുവര്‍ഷ സമ്മാനമായി നവീകരിച്ച അടുക്കള തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന സുനില്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷനായിരുന്നു.