വനാതിര്‍ത്തി മേഖലകളില്‍  കള്ളവാറ്റും വില്‍പ്പനയും തകൃതി 

0

കേരള-കര്‍ണാടക അതിര്‍ത്തി വനമേഖലകളില്‍  അനധികൃത മദ്യനിര്‍മ്മാണവും വില്‍പ്പനയും വ്യാപകം.  മേഖലയിലെ ചാമപ്പാറ, കൊളവള്ളി, ശശിമല, മരക്കടവ്, പെരിക്കല്ലൂര്‍  പ്രദേശങ്ങളിലാണ് വ്യാപകമായി വാറ്റ് കേന്ദ്രങ്ങള്‍ സജീവമായത്.  കണ്ടെയ്ന്‍മെന്റ് സോണായാ കാലയളവില്‍ മദ്യശാലകള്‍ അടച്ചിട്ടതാണ് വാറ്റ് കേന്ദ്രങ്ങള്‍ പെരുകാനുള്ള കാരണം. വാറ്റുകാര്‍ മദ്യം വീടുകളില്‍ എത്തിച്ചുകൊടുക്കാന്‍ തുടങ്ങിയതോടെ ആവശ്യക്കാരേറുകയും ചെയ്തു. ഇതോടെ ലിറ്ററിന് 2000 രൂപ വരെ വിലയിട്ടാണ് വില്‍പ്പന പൊടിപൊടിക്കുന്നത്. മദ്യത്തിന് വീര്യം കൂട്ടുന്നതിനായി മാരകരോഗങ്ങള്‍ക്കിടയാക്കുന്ന വസ്തുക്കള്‍ വാഷില്‍ ചേര്‍ക്കുന്നതായും പറയുന്നു.

വാറ്റ് കേന്ദ്രങ്ങള്‍ പെരുകുന്നത് സംബന്ധിച്ച് നാട്ടുകാര്‍ നിരന്തരമായി പരാതിപ്പെട്ടിരുന്നു. എന്നാല്‍ വാറ്റുകാരെ പിടികൂടാന്‍ എക്സൈസ് അധികൃതര്‍ അടക്കമുള്ളവര്‍ തയ്യാറാകുന്നില്ലെന്നാണ് പരാതിയുയര്‍ന്നിട്ടുള്ളത്. മൂന്ന് മാസത്തിനിടെ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ എക്സൈസ്, പൊലീസ് ഉള്‍പ്പെടെ വാറ്റുകേന്ദ്രങ്ങള്‍ കണ്ടെത്തി വാഷും, വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു.  പ്രതികളെ കൃത്യമായി മനസിലാക്കിയിട്ടും പിടികൂടാന്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വനാര്‍ത്തികളിലെ മുളങ്കൂട്ടങ്ങള്‍, കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലങ്ങള്‍, ആളൊഴിഞ്ഞുകിടക്കുന്ന വീടുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വാറ്റ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പരിശോധന നടക്കുന്നതിന് മുമ്പ് തന്നെ വിവരങ്ങള്‍ വാറ്റുകാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നതായും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പ്രതികളെ പിടികൂടാന്‍ സാധിക്കുമെങ്കിലും ഒത്തുതീര്‍പ്പ് നടത്തി അവരെ രക്ഷപ്പെടുത്തുകയാണെന്നാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. ഓണം അടുത്തതോടെ ഇരു പഞ്ചായത്തുകളിലുമായി പലയിടത്തും വാറ്റുകേന്ദ്രങ്ങള്‍ സജീവമായികഴിഞ്ഞു. മീനങ്ങാടി, ബത്തേരി എന്നിവിടങ്ങളില്‍ നിന്നും എക്സൈസ് സംഘമെത്തുമ്പോഴേക്കും വാറ്റുകാര്‍ തടിതപ്പാറാണ് പതിവ്. ഈ സാഹചര്യത്തില്‍ പുല്‍പ്പള്ളിയില്‍ ഒരു എക്സൈസ് ഓഫീസ് അനുവദിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!