ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് ജർമ്മനിയിൽ നിന്ന്

0

അമ്പലവയൽ: പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സന്ദർശിക്കാനെത്തുന്ന വിദേശിയരിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് ജർമ്മനിയിൽ നിന്ന്. ജർമ്മനിയിലെ ഗുസ്തവ് ഹെർമ്മൻ പ്രദർശനത്തിൽ അമ്പലവയൽ പൂപ്പൊലിയെ കുറിച്ച് വിശദമായ കുറിപ്പ് പ്രസീദ്ധീകരിച്ചിട്ടുണ്ട്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഗാർഡൻ ആൻഡ് ലാൻഡ്സ്കേപ് സ്റ്റഡീസ് സീനിയർ ഫെലോയും ഇന്റർനാഷണൽ സൊസൈറ്റി ഫോർ ഹോർട്ടി കൾച്ചർ സയൻസ് അംഗവുമായ ഗെർട്ട് ഗ്രോവനിംഗ് ആണ് പൂപ്പൊലിയെപ്പറ്റി ജർമൻ ഭാഷയിൽ കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്.
ജർമ്മനിയിൽ നിന്ന് കേരളം കാണാൻ കൂടുതൽ പേർ എത്തുന്നത് ജനുവരി ഫെബ്രുവരി മാസങ്ങളിലാണ്. കഴിഞ്ഞ വർഷവും ധാരാളം ജർമ്മൻകാർ പൂപ്പൊലി കാണാൻ എത്തിയിരുന്നു. കേരളത്തിനൊപ്പം അമ്പലവയലും പൂപ്പൊലിയും തങ്ങൾ കേട്ടു തുടങ്ങിയിരിക്കുന്നുവെന്ന് ജർമ്മനിയിലെ ബാർഡൻ ബാർഡനിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർ മൈക്കിൾ പെർക്കിൾ പറഞു. ജർമ്മനിയിൽ ജോലി ചെയ്യുന്ന മലയാളി വൈദികൻ ഫാ: സക്കറിയ ഇലവനാലിനൊപ്പം മൈക്കിളിനെ കൂടാതെ മറ്റ് നാല് പേർ കൂടി എത്തിയിട്ടുണ്ട്. ജർമ്മനിയിലെ അന്താരാഷ്ട്ര പുഷ്പമേളയോട് കിടപിടിക്കുന്നതാണ് പൂപ്പൊലിയെന്നും കുട്ടികൾക്കുള്ള കളിസ്ഥലം ഇവിടെ വിസ്തൃതമാക്കണമെന്നും ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ: രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചക്കിടെ സംഘത്തിലുള്ള കാർലസ് കാർട്സ്കി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും നല്ല പുഷ്പ ഉദ്യാനങ്ങളിൽ ഒന്നാണ് അമ്പലവയലിലേതെന്ന് കഴിഞ്ഞ ആറ് മാസമായി ബാംഗ്ളൂരിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്ന ജർമ്മൻ സ്വദേശിനി ലിന പറഞ്ഞു. ലിന യോടൊപ്പം ജർമ്മനിയിൽ നിന്ന് മാതാവ് സോണിയയും സഹോദരങ്ങളായ അന്റോണിയോ ,വിയോള എന്നിവരും എത്തിയിട്ടുണ്ട്.
അടുത്ത വർഷങ്ങളെ ലക്ഷ്യം വെച്ച് മറ്റ് യൂറോപ്യൻ – ഗൾഫ് രാജ്യങ്ങളിലേക്ക് പൂപ്പൊലിയുടെ പ്രചരണം ശക്തമാക്കിയിട്ടുണ്ടന്ന് ഡോ. രാജേന്ദ്രൻ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!