വന്യമൃഗശല്യത്തിന് അറുതിവരുത്തണം: കർഷക കോൺഗ്രസ്സ്

0

കാട്ടിക്കുളം: കോവിഡെന്ന മഹാമാരി രാജ്യത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വന്യ മൃഗശല്യവും രൂക്ഷമാകുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ കോവിഡിൻ്റെ പേരിൽ വയനാട് ജില്ലയിലെ കർഷരെ കൈവിടുകയാണ്.  ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ പൂർണ്ണമായി ഇല്ലാതാക്കും വിധം വന്യമൃഗശല്യവും, ആക്രമണങ്ങളും ജില്ലയിൽ വർദ്ധിച്ചുവരുകയാണ്. ഭീതിമൂലം പലപ്രദേശങ്ങളിലും ജനങ്ങൾക്ക് സമാധാനത്തോടെ അന്തിയുറങ്ങാൻ പോലും കഴിയുന്നില്ല. കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകളാണ് ഇവ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വന സംരക്ഷണവും, വന്യജീവി സംരക്ഷണവും പരമപ്രധാനമാവുമ്പോഴും മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതും പ്രാധാന്യമുള്ളതാണ്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടാനും പരിഹാരമുണ്ടാക്കാനും കേന്ദ്ര‐കേരള സർക്കാറുകൾ തയ്യാറാകണം. താൽക്കാലിക പരിഹാരമാർഗ്ഗങ്ങളല്ല  ദിർഘകാലടിസ്ഥാനത്തിലുള്ള പരിഹാര നടപടികളാണ് സ്വീകരിക്കേണ്ടത്. കഴിഞ്ഞ ദിവസം പുൽപ്പള്ളിയിൽ ആദിവാസി യുവാവിനെ കടുവ പൂർണ്ണമായി ഭക്ഷിക്കുകയുണ്ടായ വിഷയത്തിലും സർക്കാറിൻ്റെ അനാസ്ഥ അവസാനിപ്പിക്കണം.  കാർഷിക ഉൽപനങ്ങളുടെ നിരന്തരമായ വിലയിടിവും നട്ടെല്ലൊടിച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിൽ ജില്ലയിലെ കാർഷികോൽപ്പന്നങ്ങൾ പൂർണ്ണമായി തകർന്നടിഞ്ഞ് കർഷകൻ ആത്മഹത്യയുടെ വക്കിലാണ് ഇതിന് സർക്കാരുകൾ ഉടനടി നടപടി സ്വീകരിച്ച് കാർഷിക കടങ്ങൾ എഴുതിതള്ളണം. വന്യമൃഗശല്യം കാരണം ജില്ലയുടെ വിവിധ പ്രദേശത്ത് കൃഷി ചെയ്തു ഉപജീവനം നടത്താൻ കൃഷിക്കാർക്ക് കഴിയുന്നില്ല. കടങ്ങൾ വീട്ടാൻ കഴിയുന്നില്ല. കാടും നാടും വേർതിരിക്കണം. ഇതിന് ഇപ്പോൾ കൂടുതൽ ഫലപ്രദമെന്ന് തെളിഞ്ഞ ഇടുക്കിയിലെ മാങ്കുളം മോഡൽ കാഷ് ഗാർഡ് റോപ്പ്ഫെൻസിങ്, കർണാടക സർക്കാർ നടപ്പിലാക്കിയ റെയിൽ ഫെൻസിങ് ഉൾപ്പെട സ്ഥാപിക്കണം. ഇതിനാവിശ്യമായ ഫണ്ട് സ്വരുപ്പിക്കണം. വയനാട്ടിലെ വനവിസ്തീർണ്ണം 907 ച.കി.മീറ്ററാണ് ഇതിൽ 344, 44 ച.കി. മീറ്ററാണ് നിബിഡവനം. 1955 മുതൽ 2020 ഈകാലം വരെ നിബിഡവനം നശിപ്പിച്ച് തേക്ക്, യുക്കാലി തുടങ്ങിയ തോട്ടങ്ങൾ ഉണ്ടാക്കി. മൃഗങ്ങൾ കൂട്ടത്തോടെ കൃഷിയിടങ്ങൾ തേടിയിറങ്ങുന്നതിന് ഇത് പ്രധാനകാരണമായി.  ഇവക്കെല്ലാം ശാശ്വതമായ പരിഹാരം കാണാൻ ജില്ലയെ ഒറ്റ യൂണിറ്റായി പരിഗണിച്ച് സമഗ്രമായ പദ്ധതി പ്രഖ്യാപിക്കണം. സമയ ബന്ധിതമായി ഇത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കാട്ടിക്കുളം ഫോറസ്റ്റ് സെക്ഷൻ ഓഫിസിൻ്റ മുൻമ്പിൽ നടന്ന പ്രതിഷേധ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് കർഷക കോൺഗ്രസ്സ് വയനാട് ജില്ലാ പ്രസിഡൻ്റ് അഡ്വ.ജോഷി സിറിയക്ക് സംസാരിച്ചു. മണ്ഡലം പ്രസിഡൻ്റ് സതീശൻ കാട്ടിക്കുളം അധ്യക്ഷത വഹിച്ചു. പി.എം.ബെന്നി, വി.വി.നാരായണവാര്യർ, ജേക്കബ് സെബാസ്ത്യൻ, ജോൺസൺ ഇളവുങ്കൽ, പീറ്റർ മഞ്ഞൂറ, പി.എൽ.ബാബ എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!