പുതിയ തലമുറയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നത് അറിവുകളുടെ അധിക ഭാരം: കളക്ടര്‍

0

സാമൂഹ്യ മാധ്യമങ്ങളുടെ ബാഹുല്യമുള്ള പുതിയ കാലത്ത് അറിവുകളുടെ അധിക ഭാരമാണ് പുതിയ തലമുറയ്ക്ക് ഏറ്റെടുക്കേണ്ടി വരുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു. ജില്ലാ ഭരണകുടവും, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷനും, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലും സംയുക്തമായി കളക്ട്രേറ്റില്‍ നടത്തിയ വായനാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.
പഴയ കാലത്ത് നൂറ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നത് വലിയ കഴിവായി അംഗീകരിക്കപ്പെട്ടിരുന്നു. ഇന്ന് നൂറ് ചോദ്യങ്ങള്‍ക്ക് നാന്നൂറ് ഉത്തരങ്ങള്‍ ഉണ്ടാകുന്നു. ഈ ഉത്തരങ്ങളില്‍ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുവാനുള്ള പ്രയാസം പുതുതലമുറ നേരിടുന്നു. അറിവുകളുടെ ബാഹുല്യത്തില്‍ നിന്ന് ശരിയായത് തിരഞ്ഞെടുക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വായിക്കുമ്പോള്‍ ഈ കഴിവാണ് വികസിക്കുന്നത്. വായനയിലൂടെ ലോകത്തെ അറിയുന്നതോടൊപ്പം അവനവനിലേക്ക്  നോക്കാനുള്ള അവസരവും ലഭ്യമാകും. സ്വയം തിരിച്ചറിവ് നേടാനും വ്യക്തിത്വ നവീകരണത്തിനും ഈ അവസരം സഹായകമാകുന്നുവെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വായന ദിനാചരണ പ്രതിജ്ഞ എ.ഡി.എമ്മിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ ഇ. മുഹമ്മദ് യൂസഫ് ചൊല്ലികൊടുത്തു. ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ വിജയ ലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അര്‍ജുന്‍ പി.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!