നാടിന്റെ സ്വന്തം കപ്പല്‍ ജോയി ഇനി ഓര്‍മ്മ

0

മാനന്തവാടി അറക്കല്‍ പാലസില്‍ അറക്കല്‍ ജോയിയുടെ മൃതദേഹം സംസ്‌കരിച്ചു.മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ ഇടവകയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.പ്രത്യേക വിമാനത്തില്‍ ദുബായില്‍ നിന്നും ഒന്നും ഇന്നലെ രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം രാത്രി 12 മണിയോടെ മാനന്തവാടിയില്‍ ജോയിയുടെ വസതിയായ അറയ്ക്കല്‍ പാലസില്‍ എത്തിച്ചു.ജോയിയുടെ ഭാര്യ സെലിന്‍,മക്കളായ അരുണ്‍ ജോയി,ആഷ്‌ലിന്‍ ജോയ് എന്നിവരും മൃതദേഹത്തെ അനുഗമിച്ചിരുന്നു.രാവിലെ ജില്ലാ ഭരണകൂടത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ 20 പേര്‍ മാത്രമാണ് അന്തിമോപചാരം അര്‍പ്പിച്ചത്.ഏഴുമണിയോടെ വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് വിലാപ യാത്ര ആരംഭിച്ചു.ഏഴരയോടെ പള്ളിയില്‍ എത്തിച്ച മൃതദേഹം പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മാതാവിന്റെ കല്ലറയോട് ചേര്‍ന്നുള്ള കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു.എട്ടുമണിയോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായി.സംസ്‌കാര ശുശ്രൂഷകള്‍ക്ക് കത്തീഡ്രല്‍ പള്ളി വികാരി ഫാ.പോള്‍ മുണ്ടോലിക്കല്‍ കാര്‍മികത്വം വഹിച്ചു.എം.എല്‍.എമാരായ ഒ.ആര്‍.കേളു,ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ രാവിലെ അറക്കല്‍ പാലസിലെത്തി റീത്ത് സമര്‍പ്പിച്ചു.ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം തങ്കച്ചന്‍ ആന്റണി റീത്ത് സമര്‍പ്പിച്ചു.പോലീസിന് വേണ്ടിയും ഉദ്യോഗസ്ഥരെത്തി അന്തിമോപചാരമര്‍പ്പിച്ചു.കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശത്ത് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.നിരോധനാജ്ഞ ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ പോലീസ് ഡ്രോണ്‍ ഉപയോഗിച്ച് മാനന്തവാടി ടൗണിലും പരിസരങ്ങളിലും നിരീക്ഷണവും നടത്തി. കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.ഏപ്രില്‍ 23നായിരുന്നു 14 നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വ്യവസായ പ്രമുഖന്‍ ജോയി അറക്കല്‍ ആത്മഹത്യ ചെയ്തത്.നാടിന്റെ നന്മക്കായുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ജോയിയുടെ പങ്ക് വളരെ വലുതായിരുന്നു.നാലുമാസം മുമ്പാണ് ഇദ്ദേഹം അവസാനമായി നാട്ടില്‍ വന്നു പോയത്.ജോയിയുടെ മൃതദേഹം അറക്കല്‍ പാലസിലെ കൊണ്ടുവന്നപ്പോള്‍ നൊമ്പരങ്ങള്‍ വീര്‍പ്പുമുട്ടുകയായിരുന്നു കുടുംബാംഗങ്ങള്‍.വയനാടിന് തീരാനഷ്ടമാണ് അറയ്ക്കല്‍ ജോയിയുടെ വിയോഗം.

Leave A Reply

Your email address will not be published.

error: Content is protected !!