കുരങ്ങു പനി സമഗ്ര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും
തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ കുരങ്ങുപനി തടയുന്നതിനായി സമഗ്ര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. പഞ്ചായത്ത് പരിധിയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷിന്റെ നേതൃത്വത്തിലാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുക.
വിറക്, തേന്‍ മുതലായവ ശേഖരിക്കാന്‍ കാട്ടില്‍ പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കും. ഇവര്‍ കൈകാലുകളില്‍ ചെള്ള് കടിക്കാതിരിക്കാനുള്ള ലേപനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തും. ട്രൈബല്‍ പ്രമോട്ടര്‍മാരുടെയും ആശാ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് ഇക്കാര്യങ്ങള്‍ ഉറപ്പാക്കുക. കുരങ്ങുപനിക്ക് എതിരെയുള്ള വാക്‌സിന്‍ മൂന്ന് ഡോസ് സ്വീകരിച്ചാല്‍ മാത്രമേ പ്രതിരോധശേഷി ലഭിക്കുകയുള്ളൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക പറഞ്ഞു.
തിരുനെല്ലി പഞ്ചായത്ത് പ്രസിഡണ്ട് മായാദേവി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. നൂന മെര്‍ജ, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബീന, വെറ്ററിനറി ഡോക്ടര്‍ ജവഹര്‍, അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിന്‍സി, ബേഗൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെറിന്‍ ജെറോഡ്, ജില്ലാ മലേറിയ ഓഫീസര്‍ അശോക് കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി ബാലന്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ പ്രമോദ്, തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി അനില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.