കൊവിഡ് 19 രോഗ ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായ സോണല്‍ കലോത്സവങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ചു. എസ്എഫ്ഐ സുല്‍ത്താന്‍ബത്തേരി ഏരിയാ കമ്മിറ്റിയാണ് ലോക്ക് ഡൗണ്‍ കാരണം വിദ്യാര്‍ത്ഥകള്‍ക്കുണ്ടായ മാനസികപിരിമുറക്കം കുറയ്ക്കാനായി 10 നും 25നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ കലോത്സവം സംഘടിപ്പിച്ചത്.
കൊവിഡ് 19 കാരണം കലോത്സവ വേദികള്‍ക്ക് തിരശീല വീണതോടെയാണ് ഓണ്‍ലൈന്‍ കലോത്സവ പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കി സുല്‍ത്താന്‍ ബത്തേരി എസ് എഫ് ഐ ഏരിയ കമ്മറ്റി രംഗത്ത് വന്നത്. രജിസ്‌ട്രേഷന്‍ മുതല്‍ വിധിനിര്‍ണയം വരെ പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് നടത്തിയത്. ‘ഹോം ക്വാറന്റൈന്‍ ‘എന്ന പേരില്‍ മാര്‍ച്ച് 31 ന് ആരംഭിച്ച ഓണ്‍ലൈന്‍ കലോല്‍സവം ഇന്നാണ് സമാപിച്ചത്. സ്റ്റേജിനങ്ങളും ഇതരയിനങ്ങളടക്കം ഇരുപതിലേറെ ഇനങ്ങളാണ് നടത്തിയത്. സംഘഇനങ്ങള്‍ നടത്താനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണം സ്റ്റേജിതര മത്സരങ്ങള്‍ക്കും പാട്ട്, വാദ്യോപകരണ മത്സരങ്ങള്‍ക്കുമാണ് മുന്‍തൂക്കം നല്‍കിയത്. ഓരോ ഇനങ്ങള്‍ക്കും വാട്‌സ് ആപ്, ടെലിഗ്രാം തുടങ്ങിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് പരിപാടികള്‍ നടത്തിയത്. കലോത്സവം എസ് എഫ് ഐ ബത്തേരി ഏരിയ കമ്മറ്റിയുടെ ഇന്‍സ്റ്റഗ്രാം, എഫ് ബി പേജുകള്‍ വഴി ഓണ്‍ലൈനായി കാണാനുള്ള അവസരവും ഒരുക്കിയിരുന്നു. ഫലപ്രഖ്യാപനവും ഓണ്‍ലൈന്‍ വഴിയാണ് നടത്തിയത്. എട്ട് ദിവസത്തെ ഓണ്‍ലൈന്‍ കലോത്സവത്തില്‍ മുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്.ബത്തേരി എസ് എഫ് ഐ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ കലോത്സവം വിജയച്ചതോടെ സംസ്ഥാന തലത്തില്‍ ഏരിയ കമ്മറ്റികളോട് ഓണ്‍ലൈനായി പരിപാടികള്‍ നടത്താന്‍ എസ് എഫ് ഐ സംസ്ഥാന കമ്മറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ കല്‍പ്പറ്റ, മാനന്തവാടി ഏരിയ കമ്മറ്റികളും, എസ് എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയും ഓണ്‍ലൈന്‍ കലോല്‍സവം നടത്തും. മറ്റ് സംഘടനകളും ഓണ്‍ലൈനായി കലോത്സവം സംഘടിപ്പിക്കുന്നതെങ്ങനെയെന്ന് തങ്ങളോട് ആരായുന്നതായും പരിപാടിക്ക് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ഓണ്‍ലൈന്‍ കലോത്സവത്തിന് റിയാസ്, വിനീഷ്, ഗൗതം കൃഷ്ണ, ജിഷ്ണു വേണുഗോപാല്‍, അമല്‍ റോഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.