ജില്ലയില്‍ 10,031 പേര്‍ നിരീക്ഷണത്തില്‍
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10,031 ആയി. ബുധനാഴ്ച്ച 1541 പേരെ കൂടി നിരീക്ഷണത്തിലാക്കിയതോടെയാണ് ജില്ലയില്‍ പതിനായിരം കടന്നത്. ഇവരില്‍ 1427 പേര്‍ പതിനാല് ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരാണെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു. 11 പേര്‍ ആസ്പത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 10 സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതുവരെ 120 സാമ്പിളുകള്‍ അയച്ചതില്‍ 86 പേരുടെ ഫലം നെഗറ്റീവാണ്. 31 പേരുടെ ഫലം ലഭിക്കാനുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ കഴിയുന്ന 3 പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1284 വാഹനങ്ങളിലായി എത്തിയ 1792 ആളുകളെ സ്‌ക്രീനിങിന് വിധേയമാക്കി. ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.