കമ്പളക്കാട് ടൗണില്‍ 144ന് സമ്മിശ്ര പ്രതികരണം
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി ജില്ലയില്‍ 144 പ്രഖ്യാപിച്ചപ്പോഴും കമ്പളക്കാട് ടൗണില്‍ സമ്മിശ്ര പ്രതികരണം.രാവിലെ ടൗണില്‍ കൂട്ടംകൂടി നിന്ന അന്യസംസ്ഥാന തൊഴിലാളികളെ പിരിച്ചുവിടുന്നതിനായി പോലീസിന് ലാത്തിവീശേണ്ടി വന്നു.ടൗണിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് അടിക്കടി എത്തേണ്ട അവസ്ഥയാണ്.
രാവിലെ അന്യസംസ്ഥാന തൊഴിലാളികള്‍ ടൗണിലേക്ക് കൂട്ടമായി എത്തുകയും സംഘം ചേര്‍ന്ന് നില്‍ക്കുകയും ചെയ്തു.തുടര്‍ന്ന് കമ്പളക്കാട് പോലീസ് സ്ഥലത്തെത്തുകയും ആള്‍കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തി വീശുകയും ചെയ്തു.ടൗണില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും ,പച്ചക്കറി കടകളും ,മെഡിക്കല്‍ ഷോപ്പുകളും തുറന്നിരുന്നു. വളരെ ചുരുക്കം മറ്റു ചില സ്ഥാപനങ്ങളും തുറന്നിരുന്നു. ടൗണിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റില്‍ പോലീസ് അടിക്കടി എത്തിയാണ് ജനങ്ങള്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നത്. പൊതുജനം ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. നിലവില്‍ ഇത്തരത്തിലുള്ള സാഹചര്യം വലിയ ഭീഷണിയാണ്.സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ കൂടുതലായും എത്തുന്നുണ്ട്.