മെഡിക്കല്‍ കോളേജ് ഭൂമി വിദഗ്ധസംഘം പരിശോധിച്ചു

0

വയനാട് മെഡിക്കല്‍ കോളേജിന് ഡിപിആര്‍ തയ്യാറാക്കുന്നതിന് വിദഗ്ധസംഘം ചുണ്ടേലിലെ നിര്‍ദ്ധിഷ്ട മെഡിക്കല്‍ കോളേജ് ഭൂമിയില്‍ പരിശോധന നടത്തി. പദ്ധതിയുടെ എസ്.പി.വി. വാപ് ക്കോസിന്റെ ഉന്നത അധികൃതരും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ പ്ലാനിങ് ഒഫീസറുമടങ്ങുന്ന സംഘമാണ് പരിശോധനക്കെത്തിയത്.ഏപ്രില്‍ ആദ്യത്തോടെ ഡിപിആര്‍ തയ്യാറാക്കി നല്‍കാനാണ് വാപ്ക്കോസിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.ടീം ലീഡര്‍ കെ എ അബ്ദുള്‍ലത്തീഫിന്റെയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ പ്ലാനിങ് ഒഫീസര്‍ പി വി കുഞ്ഞിമുഹമ്മദിന്റെയും നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ 9.30ഓടെയാണ് ചുണ്ടേലിലെ ഭൂമിയില്‍ എത്തിയത്. സി കെ ശശീന്ദ്രന്‍ എംഎല്‍എയും, കലക്ടര്‍ ഡോ. അദീല അബ്ദുള്ളയും ഒപ്പമുണ്ടായിരുന്നു. സംഘത്തിനോട് ഭൂമി സംബന്ധമായ കാര്യങ്ങള്‍ വിശദീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.പരിസ്ഥിതി സൗഹൃദ നിര്‍മാണത്തിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ടാണ് തയ്യാറാക്കുക. കല്ലും മണലും പരമാവധി കുറച്ച് സ്റ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണത്തിനായിരിക്കും മുന്‍ഗണന. മരങ്ങളും പരമാവധി നിലനിര്‍ത്തും. ഡിപിആര്‍ തയ്യാറാക്കുന്നതിനൊപ്പം പാരിസ്ഥിതിക ആഘാത പഠനവും നടത്തും. കോഴിക്കോട് എന്‍ഐടി ആണ് പാരിസ്ഥിതക പഠനവും മണ്ണ് പരിശോധനയും നടത്തുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ അവശേഷിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ പൂര്‍ത്തിയാക്കും.ദേശീയപാതയോട് ചേര്‍ന്ന് ചേലോട് എസ്റ്റേറ്റിലെ 56 ഏക്കറാണ് മെഡിക്കല്‍ കോളേജിനായി കണ്ടെത്തിയത്.മെയില്‍ മെഡിക്കല്‍ കോളേജ് നിര്‍മാണം ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം.

Leave A Reply

Your email address will not be published.

error: Content is protected !!