വനിതാദിന വാരാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യത്യസ്തമായ പരിപാടികള്‍ ആരംഭിച്ചു.വിവിധ സ്ഥലങ്ങളില്‍ അവകാശപ്രഖ്യാപന പതാകകള്‍ സ്ഥാപിച്ചു. സധൈര്യം മുന്നോട്ട്, എന്റെ അവസരമാണ് എന്റെ അവകാശം, സ്ത്രീ പുരുഷനോടൊപ്പം തുടങ്ങിയ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് അവകാശപ്രഖ്യാപന പതാകകള്‍ തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിലുടനീളം പതാക ദൃശ്യമാകും. മാര്‍ച്ച് 9ന് വൈകുന്നേരം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ സമത്വ ജ്വാല തെളിയിക്കും. സ്ത്രീ പുരുഷനോടൊപ്പമെന്ന് പ്രതിജ്ഞ ചൊല്ലി തിരി തെളിയിച്ചാണ് വനിതാദിനം സമാപിക്കുക. ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും പരിപാടിയില്‍ കണ്ണികളാകും. ഒരു വീട്ടില്‍ ഒരു കുടുംബശ്രീ ഉല്പന്നം എന്ന ആശയം മുന്‍നിര്‍ത്തി കുടുംബശ്രീ വനിതകള്‍ ഉല്‍പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഓരോ വീട്ടിലും എത്തിക്കുകയെന്ന ലക്ഷ്യവും പരിപാടിക്കുണ്ട്.