ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്
സിംഗപ്പൂരില്‍ പഠനത്തോടൊപ്പം ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ് നടത്തിയതായി വള്ളിയൂര്‍ക്കാവ് കോപ്പുറത്ത് സുനില്‍, ഭാര്യ ഗ്രേസി സുനില്‍, മേമംത്തില്‍
ജോര്‍ജ്ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.പയ്യമ്പള്ളി മൊട്ടങ്കര ചുള്ളം കാട്ടില്‍ ജോണിയും മക്കളായ ഷാന്‍ , അജയ് എന്നിവരാണ് തട്ടിപ്പ് നടത്തിയത്.ബിരുദ പഠനം കഴിഞ്ഞ സുനിലിന്റെ മകന്‍ സെബിന്‍, ജോര്‍ജ്ജിന്റ് മകന്‍ സോബിന്‍ എന്നിവര്‍ക്ക് സിംഗപൂരില്‍ സര്‍ക്കാര്‍ കോളേജില്‍ ജോലിയും പഠനാവസരവും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരോരുത്തരില്‍ നിന്നും നാലര ലക്ഷം രൂപ വീതം വാങ്ങുകയായിരുന്നു.
താമസിക്കുവാന്‍ മുറിയും ഭക്ഷണം സ്വയം ഉണ്ടാക്കുവാന്‍ സൗകര്യവുമുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഒരു മുറിയില്‍ 20 കുട്ടികളെ താമസിപ്പിക്കുകയും ഭക്ഷണത്തിനായി സമീപത്തുള്ള സിക്കുകാരുടെ അമ്പലത്തില്‍ പറഞ്ഞ് വിടുകയുമായിരുന്നു. ഒന്നര മാസമായപ്പോള്‍ കുട്ടികള്‍ ചതി മനസ്സിലാക്കുകയും രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു.കുട്ടി കളുടെ കുടുംബം കൂലി പണി എടുത്ത് ജീവിക്കുന്നവരാണ്.നിലവിലുള്ള സ്ഥലം ബാങ്കില്‍ പണയപ്പെടുത്തിയും മറ്റ് വായ്പകള്‍ സംഘടിപ്പിച്ചുമാണ് ഇത്രയും വലിയ തുക ഉണ്ടാക്കിയത്. പോലീസില്‍ പരാതി നല്‍കിയതായും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പണം വാങ്ങിയവരുടെ വീടിന് മുന്നില്‍ സത്യാഗ്രഹം ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു