കളക്ടര്‍ ചൂരല്‍മല അബേദ്ക്കര്‍ കോളനിയിലെത്തി.

0

കോളനി നിവാസികളുടെ സാമൂഹിക പശ്ചാത്തല പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ മേപ്പാടി ചൂരല്‍മല അബേദ്ക്കര്‍ കോളനിയിലെത്തിയ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയ്ക്ക് മുമ്പാകെ പരാതിക്കെട്ടഴിച്ച് കോളനിനിവാസികള്‍. കോളനിയിലെ അങ്കണവാടി കേന്ദ്രത്തില്‍ നടന്ന അദാലത്തില്‍ 110 ഓളം പരാതികളാണ് ജില്ലാകളക്ടര്‍ക്ക് മുമ്പിലെത്തിയത്. ഭൂരിഭാഗം അപേക്ഷകളിലും കളക്ടര്‍ നേരിട്ട് പരിഹാരവും നിര്‍ദ്ദേശിച്ചു. മറ്റുളളവയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രളയാനന്തര ധനസഹായം, വീട്, റേഷന്‍കാര്‍ഡ്, കുടിവെളളം, സ്വയംതൊഴില്‍, ചികില്‍സാ ധനസഹായം,ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചുളള അപേക്ഷകളാണ് കൂടുതലായും ലഭിച്ചത്.
പട്ടികവര്‍ഗ്ഗ വകുപ്പിന്റെ സഹകരണത്തോടെ മാസത്തിലൊരിക്കല്‍ കോളനികളിലെത്തി അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടര്‍ ചൂരല്‍മല അബേദ്ക്കര്‍ കോളനിയിലെത്തിയത്. സമീപ കോളനികളായ ഏലവയല്‍, അത്തിചോട്, വില്ലേജ് കോളനി, അയ്യപ്പന്‍കോളനി എന്നിവിടങ്ങളില്‍ താമസിക്കുന്നവരും പരാതികളുമായി എത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവി ആര്‍.കറപ്പസാമിക്ക് പുറമേ വനംവകുപ്പ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി,റവന്യൂ,പോലീസ്, ഭക്ഷ്യവിതരണം തുടങ്ങിയ വകുപ്പ് അധികൃതരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി ചെറിയാന്‍, വൈത്തിരി തഹസില്‍ദാര്‍ അബ്ദുള്‍ ഹാരിസ്, കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍, പി.സാജിത, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി.ജി.വിജയകുമാര്‍, ഡി.പി.എം. ഡോ.ബി.അഭിലാഷ് , ഡി.വൈ.എസ്.പി ടി.പി ജേക്കബ് തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!