മൂപ്പൈനാട് പ്രാഥമികാരോഗ്യകേന്ദ്രം കെട്ടിടനിര്‍മാണം പുരോഗമിക്കുന്നു

0

മൂപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പാടിവയലിലെ കെട്ടിടനിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ (ആരോഗ്യകേരളം) 1.60 കോടി രൂപ ചെലവില്‍ കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്‍പറേഷനാണ് (കെ.എസ്.സി.എ.ഡി.സി) കെട്ടിടം നിര്‍മിക്കുന്നത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, സീനിയര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. നേരത്തേ നിശ്ചയിച്ച പ്രകാരം 2020 ജനുവരി മാസത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ഡി.പി.എം. കരാറുകാരന് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം ദൗത്യം മൂന്നാം ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്ന ആതുരാലയമാണ് മൂപ്പൈനാട്. കുടുംബാരോഗ്യ കേന്ദ്രത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ കെട്ടിടനിര്‍മാണം. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ടു നിലകളിലായി 16,140 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് ആശുപത്രി കെട്ടിടം നിര്‍മിക്കുന്നത്. താഴെ നിലയില്‍ 8,285 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തിലായി ഒ.പി ടിക്കറ്റ് കൗണ്ടര്‍-പ്രീ ചെക്കപ്പ് മുറി, മൂന്ന് ഒ.പി. റൂമുകള്‍, കാത്തിരിപ്പ് സ്ഥലം, മുലയൂട്ടല്‍ കേന്ദ്രം, കുത്തിവയ്പ് ഏരിയ, അന്വേഷണം-രജിസ്ട്രേഷന്‍-റെക്കോര്‍ഡ് റൂം, ഡ്രസ്സിങ് റൂം/മൈനര്‍ ഓപറേഷന്‍ തിയേറ്റര്‍, ലബോറട്ടറി, നഴ്സസ് സ്റ്റേഷന്‍, ഫാര്‍മസി, മരുന്ന് സൂക്ഷിക്കുന്ന മുറി, ഇഞ്ചക്ഷന്‍ റൂം, ടോയ്ലറ്റ് ബ്ലോക്ക്, നിരീക്ഷണ മുറി, സ്ത്രീ-പുരുഷ ജീവനക്കാര്‍ക്ക് പ്രത്യേകം വസ്ത്രം മാറാനുള്ള മുറി, നെബുലൈസേഷന്‍ കോര്‍ണര്‍, ശ്വാസ്/ആശ്വാസ്/പാലിയേറ്റീവ് റൂം എന്നിവയുണ്ടാവും. ഒന്നാമത്തെ നിലയില്‍ ഓഫിസ് മുറി, ഫീല്‍ഡ് ജീവനക്കാരുടെ മുറി, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ 7,855 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഒരുക്കും. നിലവില്‍ വടുവന്‍ചാല്‍-ഊട്ടി റോഡില്‍ വില്ലേജ് ഓഫിസിന് സമീപം റവന്യൂവകുപ്പിന്റെ കൈവശമുള്ള കെട്ടിടത്തിലാണ് മൂപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!