എന്‍എച്ച് 766 യാത്രാക്കുരുക്ക്; യുവജന സംഘടനകളുടെ അനിശ്ചിതകാല നിരാഹാര സമരം ബത്തേരിയില്‍ ആരംഭിച്ചു.രാത്രിയാത്ര നിരോധനം നീക്കുക, ദേശീയപാതയില്‍ പകലും നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരം. അഞ്ച് യുവജന നേതാക്കളാണ് നിരാഹാരമിരിക്കുന്നത്.ഇന്ന് രാവിലെ പത്തരയോടെ ബത്തേരി കോട്ടക്കുന്ന് നിന്നും നിരാഹാരമിരിക്കുന്ന സമര നേതാക്കളെ ആനയിച്ചു കൊണ്ടുള്ള പ്രകടനം ടൗണില്‍ നടന്നു.
ദേശീയപാത 766 രാത്രിയാത്ര നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവജന സംഘടനകള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ആരംഭിച്ചു. ഇന്ന് രാവിലെ
പത്തരയോടെ ബത്തേരി കോട്ടക്കുന്ന് നിന്നും നിരാഹാരമിരിക്കുന്ന സമര നേതാക്കളെ ആനയിച്ചു കൊണ്ടുള്ള പ്രകടനം ടൗണില്‍ നടന്നു. തുടര്‍ന്ന് ടൗണ്‍ ചുറ്റി സമര കേന്ദ്രമായ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ എത്തിച്ചേര്‍ന്നു. പിന്നീട് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവര്‍ സംബന്ധിച്ച ചടങ്ങില്‍ വച്ച് സമരപ്രഖ്യാപനം എന്‍എച്ച് 766 ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സുരേഷ് താളൂര്‍ നിര്‍വഹിച്ചു.നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന പാതയില്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നില്ലങ്കില്‍ അതിനു വേണ്ടി നടത്തുന്ന സമരത്തില്‍ അണിനിരന്ന് ജയിലില്‍ പോകുന്നതാണ് നല്ലത് എന്ന് അദ്ദേഹം പറഞ്ഞു.എന്‍എച്ച് 766 ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റിയുടെ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് യുവജന സംഘടനകള്‍ നിരാഹാരസമരം അനുഷ്ഠിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ബത്തേരി നഗരസഭ കൗണ്‍സിലറുമായ അഡ്വക്കേറ്റ് രാജേഷ് കുമാര്‍, ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്‍ സെക്രട്ടറി ലിജോ ജോണി, യുവമോര്‍ച്ച ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് സിനീഷ് വാകേരി,
യുവജന കൂട്ടായ്മ കോഡിനേറ്റര്‍ സഫീര്‍ പഴേരി, യൂത്ത് ലീഗ് ബത്തേരി മുനിസിപ്പാലിറ്റി കമ്മറ്റി പ്രസിഡണ്ട് സി കെ മുസ്തഫ തുടങ്ങിയവരാണ് അനിശ്ചിതകാല നിരാഹാരം ഇരിക്കുന്നത്. ചടങ്ങില്‍ ടിജി ചെറുതോട്ടില്‍ അധ്യക്ഷനായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചു കൊണ്ട് നിരവധിപേര്‍ സംസാരിച്ചു. ദേശീയപാതയിലെ യാത്രാ നിരോധനം കേരളത്തിന്റെ, പ്രത്യേകിച്ച് വയനാടിന്റെ വികസനങ്ങളെ പിന്നോട്ടടിക്കുമെന്നും ഇത് അംഗീകരിക്കാനാവില്ലന്നും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നിരവധി സംഘടനകളും, കൂട്ടായ്മകളും, സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും സമരഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തുന്നുണ്ട്.